
ശ്രീനഗർ: ഡൽഹി ചെങ്കോട്ട സ്‌ഫോടന കേസിൽ പുതിയ വെളിപ്പെടുത്തൽ. കാശ്മീരിലെ ഖ്വാസിഗുണ്ടിൽ നിന്നുള്ള ഡോ. മുസാഫറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനായി ജമ്മു-കാശ്മീർ പൊലീസ് അപേക്ഷ നൽകിയതായി അധികൃതർ. അന്തർസംസ്ഥാന തീവ്രവാദ ശൃംഖലയുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡോ. മുസാഫർ ഡൽഹിയിലെ ചെങ്കോട്ട സ്‌ഫോടന കേസിൽ അറസ്റ്റ് ചെയ്ത എട്ട് പേരിൽ ഒരാളായ ഡോ. ആദിൽ അഹമ്മദ് റത്തറിന്റെ സഹോദരനാണെന്നും ഈ എട്ട് പേരിൽ ഏഴുപേർ കാശ്മീരിലെ സ്വദേശികളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അന്വേഷണ സമയത്ത്, നിരവധി പ്രതികൾ ഡോ. മുസാഫർ 2021-ൽ തുർക്കിയിലേക്ക് പോയ ഡോക്ടർമാരുടെ സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് സമ്മതിച്ചു. ആ സംഘത്തിൽ ഡോ. മുസമ്മിൽ ഗനായ് യും ഡോ. ഉമർ നബിയും ഉൾപ്പെട്ടിരുന്നു. ഉമർ നബി തന്നെയാണ് തിങ്കളാഴ്ച ചെങ്കോട്ടയിൽ 13 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന് കാരണമായ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചതെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പൊലീസിൻ്റെ അന്വേഷണം ശക്തമാക്കിയെങ്കിലും, മുസാഫർ ഓഗസ്റ്റിൽ ദുബായിലേക്ക് പോയതായാണ് കണ്ടെത്തിയത്. ഇപ്പോൾ അദ്ദേഹം അഫ്ഗാനിസ്ഥാനിൽ ഒളിവിൽ കഴിയുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. 2021-ലെ യാത്രയ്ക്കിടെ ഡോ. മുസാഫർ, മുസമ്മിൽ ഗനായ്, ഉമർ നബി എന്നിവർ 21 ദിവസം തുർക്കിയിൽ തങ്ങിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം സ്ഫോടനത്തിൽ സംശയിക്കുന്ന ഡോക്ടർമാരുടെ തീവ്രവാദ ബന്ധത്തിൽ തുർക്കിയ്ക്ക് പങ്കുണ്ടെന്ന വാർത്തകളെ തുടര്‍ന്ന്, തുർക്കിയുടെ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് സെന്റർ ഫോർ കൗണ്ടറിംഗ് ഡിസിൻഫോർമേഷൻ ബുധനാഴ്ച പ്രസ്താവന പുറത്തിറക്കി.ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ തുർക്കിക്ക് പങ്കുണ്ടെന്നും, തീവ്രവാദ ഗ്രൂപ്പുകൾക്ക് സാമ്പത്തിക, നയതന്ത്ര, ലോജിസ്റ്റിക് പിന്തുണ നൽകുന്നുവെന്നുമുള്ള മാധ്യമവാർത്തകൾ ദ്വിപക്ഷബന്ധങ്ങൾ തകർക്കാനുള്ള തെറ്റായ പ്രചാരണം മാത്രമാണെന്നും തുർക്കിയുടെ പ്രസ്താവനയിൽ പറയുന്നു.
Delhi blast: Kashmiri doctor Muzaffar is absconding in Afghanistan; Jammu and Kashmir Police seeks help from Interpol
















