ഡൽഹി സ്ഫോടന കേസിൽ 10 അംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻഐഎ. എൻഐഎ ADG വിജയ് സാക്കറെ സംഘത്തെ നയിക്കും. ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്‌പിമാർ, ഡിവൈഎസ്പിമാർ എന്നിവരടങ്ങുന്നതാണ് സംഘം. കേസ് ചർച്ച ചെയ്യാൻ എൻഐഎ ഡിജിയും ഐബി മേധാവിയും ഇന്ന് യോഗം ചേരും. ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതിന് പിന്നാലെ കേസ് ഫയൽ ഡൽഹി, ജമ്മു കശ്മീർ പോലീസ് എൻഐഎയ്ക്ക് കൈമാറും.
അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്‍റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.അതേസമയം, സ്ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്. സ്ഫോടക വസ്തുക്കൾ എവിടേക്കോ മാറ്റാൻ നോക്കുമ്പോൾ സ്ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ റെഡ്ഫോർട്ട് പരിസരത്ത് എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം ദില്ലി മയൂർ വിഹാറിലും ഉമറിൻറെ വാഹനം എത്തിയെന്നും പൊലീസ് പറയുന്നു.
ഡൽഹി യിൽ നിന്നും 2 കാറുകൾ വൈറ്റ് കൊളർ സംഘം വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. രണ്ടാമത്തെ കാറിനായി അന്വേഷണം തുടരുന്നു. കാർ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും കോൾ ലോഗുകൾ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പരിശോധിച്ചു.
അതേസമയം, വൈറ്റ് കോളർ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് ഹരിയാനയിൽ മതപ്രഭാഷകനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് മേഖലയിൽ നിന്നുള്ള മൗലവി ഇഷ്തിയാഖ് എന്നയാളെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ട് പോയി. ഫരീദാബാദിലെ ഭീകര ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തൽ. 2500 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വാടക വീട്ടിൽ ഇയാൾ താമസിച്ചിരുന്നു.
Delhi blast: NIA forms 10-member investigation team
















