
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ജമ്മു-കശ്‌മീർ, ഹരിയാന പൊലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയതെന്ന നിർണായക വിവരമാണ് പുറത്തുവരുന്നത്. സ്ഫോടനക്കേസിലെ ചാവേർ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. ചാവേർ സ്ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരൻ ഡോക്‌ടർ ഉമർ മുഹമ്മദ് എന്നയാളാണെന്നും സൂചനകളുണ്ട്. കാർ ഓടിച്ചിരുന്ന ഇയാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച വെളുത്ത ഹ്യുണ്ടായ് ഐ20 കാർ ഉമറിന്റെ ഉടമസ്ഥതയിലായിരുന്നു. ഹരിയാനയില്‍ നിന്ന് ഇന്നലെ അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാര്‍ക്ക് ദില്ലി സ്ഫോടനത്തില്‍ പങ്കുള്ളതായി നേരത്തെ സംശയം ഉയർന്നിരുന്നു. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കല്‍ കോളേജുമായി ബന്ധമുള്ള ഡോക്ടര്‍മാരില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റും ഒരു അസോള്‍ട്ട് റൈഫിള്‍ അടക്കമുള്ള ആയുധ ശേഖരം പിടിച്ചെടുത്തിരുന്നു.
ആരാണ് ഡോ. ഉമർ മുഹമ്മദ്?
1989 ഫെബ്രുവരി 24 ന് ജമ്മു കശ്മീരിലെ പുൽവാമയിൽ ജനിച്ച ഉമർ അൽ ഫലാഹ് മെഡിക്കൽ കോളേജിൽ ഡോക്ടറായി ജോലി ചെയ്തിരുന്നു. ജമ്മു കശ്മീരിലെയും ഹരിയാനയിലെയും പൊലീസ് സംഘങ്ങൾ പിടികൂടിയ “വൈറ്റ് കോളർ” ഭീകരവാദ സംഘത്തിലെ തിങ്കളാഴ്ച അറസ്റ്റിലായ രണ്ട് ഡോക്ടർമാരായ ഡോ. അദീൽ അഹമ്മദ് റാത്തറിന്റെയും ഡോ. മുജമ്മിൽ ഷക്കീലിന്റെയും അടുത്ത സഹായിയായിരുന്നു ഡോ. ഉമർ മുഹമ്മദ്. വൈറ്റ് കോളർ മൊഡ്യൂളിലെ രണ്ട് പ്രധാന അംഗങ്ങളെ അന്വേഷകർ അറസ്റ്റ് ചെയ്തതായും സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതായും അറിഞ്ഞതിനെത്തുടർന്ന് ഉമർ ഫരീദാബാദിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് പരിഭ്രാന്തനായി സ്ഫോടനം നടത്തിയതായി എൻഡിടിവി റിപ്പോർട്ടുണ്ട്.
Delhi blast suspect’s photo released











