Delhi Blast: Terrorists Received 3,200 Kg Explosives, 300 Kg Still Missing
ഡൽഹിയിലെ റെഡ് ഫോർട്ടിനു സമീപം നടന്ന സ്ഫോടനം നടത്തിയ ഭീകരസംഘത്തിന് 3,200 കിലോ സ്ഫോടകവസ്തു ലഭിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഇതുവരെ 2,900 കിലോ സ്ഫോടകവസ്തു മാത്രമാണ് ഒളിത്താവളങ്ങളിൽ നിന്ന് കണ്ടെടുത്തത്; ബാക്കി 300 കിലോ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായി. ഭീകരരുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലും ഹരിയാന പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന തുടരുന്നു.
സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഡോ. ആദിലിനെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം കൂട്ടാളികളായ ഉമർ, ഡോ. മുസമ്മിൽ എന്നിവരിലേക്ക് എത്തിയത്. ഈ സംഘത്തിനാണ് 3,200 കിലോ സ്ഫോടകവസ്തു എത്തിച്ചത്. ഡൽഹി നഗരത്തിലെ സ്ഫോടനം ലക്ഷ്യമിട്ടാണ് ഇത്രയും വൻതോതിൽ സ്ഫോടകവസ്തു കൊണ്ടുവന്നതെന്ന് പൊലീസിന് ലഭിച്ച വിവരം. സ്ഫോടന കേസ് എൻഐഎയ്ക്ക് കൈമാറിയെങ്കിലും ഭീകരരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് ഹരിയാന പൊലീസ് തുടരുന്നു. ജമ്മു കശ്മീർ പൊലീസും അന്വേഷണത്തിന്റെ ഭാഗമാണ്. ഭീകരസംഘത്തിൽ കൂടുതൽ അംഗങ്ങൾ ഉണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ.
അതേസമയം ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെയും മോദി സന്ദർശിച്ചു. അതേസമയം, ഡൽഹി നഗരത്തിൽ ഉടനീളം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാനാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. വാഹനം കണ്ടെത്തുന്നതിനായി കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദേശമുണ്ട്. ഉത്തർ പ്രദേശ്, ഹരിയാന പൊലീസിനും ജാഗ്രത നിർദേശം നൽകി. 5 പൊലീസ് സംഘങ്ങളാണ് ഡൽഹിയിൽ വാഹനത്തിനായി തെരച്ചിൽ നടത്തുന്നത്.












