
ന്യൂഡല്‍ഹി: ചാന്ദ്‌നി ചൗക്കിലെ ഒരു സാധാരണ തിങ്കളാഴ്ച വൈകുന്നേരത്തെ, ഞൊടിയിടകൊണ്ടാണ് രക്തക്കളമാക്കി മാറ്റിയത്. രാജ്യം ഞെട്ടിയ സ്‌ഫോടനത്തില്‍ പതിമൂന്നോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. വിവിധ ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ച നിര്‍ണായക സൂചന തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റാണ് ലക്ഷ്യമിട്ടതെന്നാണ്.
കറുത്ത മാസ്‌ക് ധരിച്ച ഒരാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചെന്നാണ് ചില റിപ്പോര്‍ട്ടുകളിലുള്ളത്. മാസ്‌ക് ധരിച്ച വ്യക്തി ഹ്യുണ്ടായ് ഐ20 ഓടിക്കുന്നതും ഈ ദൃശ്യത്തിലുണ്ട്. കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിട്ടിരുന്നു. ട്രാഫിക്ക് സിഗ്‌നല്‍ കാരണം കാര്‍ നിര്‍ത്തേണ്ടി വന്നതോടെ മാര്‍ക്കറ്റിനു സമീപത്തേക്ക് കാര്‍ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
കാറിന്റെ ഉടമ പുല്‍വാമ സ്വദേശി
സ്‌ഫോടനം നടന്ന കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച പൊലീസിന്
കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശി താരിഖ് എന്നയാളാണെന്നാണു കണ്ടെത്താനായെന്നും റിപ്പോര്‍ട്ടുണ്ട്. കാര്‍ പലര്‍ വാങ്ങി മറിച്ചു വിറ്റതാണെന്നും കഴിഞ്ഞമാസം 29നാണ് നിലവിലെ ഉടമ വാഹനം വാങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.
അതീവ സുരക്ഷയില്‍ ഡല്‍ഹി
രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിനു പിന്നാലെ ഡല്‍ഹിയിലെ സുരക്ഷ വര്‍ധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, മെട്രോ സ്‌റ്റേഷന്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, മറ്റ് തിരക്കേറിയ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി പൊലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കാന്‍ ജനങ്ങള്‍ക്കും നിര്‍ദേശമുണ്ട്.
രാജ്യാതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി. ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ഇന്ന് അടച്ചിടുമെന്ന് ചാന്ദ്നി ചൗക്ക് ട്രേഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജയ് ഭാര്‍ഗവ് പറഞ്ഞു.
Delhi Blast: The car that exploded was occupied by a person wearing a black mask.












