
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പതിമൂന്നുപേര്‍ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് പരിശോധനകള്‍ തുടരുന്നു. രാജ്യമൊട്ടാകെ അതീവ ജാഗ്രതയിലാണ്.
അതേസമയം, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കോണ്‍സുലാര്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും അമേരിക്ക അറിയിച്ചു.
‘ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാം. സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കോണ്‍സുലാര്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പി.ടി.ഐയോട് പറഞ്ഞു.
ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ട്രാഫിക് സിഗ്‌നലില്‍ സാവധാനം നീങ്ങിയ ഒരു കാറില്‍ ഇന്നലെ വൈകിട്ടാണ് ഉഗ്ര സ്‌ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. തിരക്കേറിയ ഒരു വൈകുന്നേരമായതിനാല്‍ അപകടത്തിന് ആഴമേറി.
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കടുത്തുള്ള ചാന്ദ്നി ചൗക്കില്‍ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളിലും ചിലര്‍ പകര്‍ത്തിയ മൊബൈല്‍ വീഡിയോയിലും, വലിയ സ്ഫോടന ശബ്ദം കേട്ട് നൂറുകണക്കിന് ആളുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നത് കാണാം. പേടിച്ചരണ്ട് പ്രാണനുംകൊണ്ട് രക്ഷപെടുന്നവരില്‍ കുട്ടികളും കൗമാരക്കാരും ഉള്‍പ്പെടുന്നു.
Delhi blast: The us says closely monitoring the situation.











