പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്താനിരുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റി. 15 പേർ കൊല്ലപ്പെട്ട ഡൽഹി സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്കയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഇസ്രയേലിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം അടുത്ത വർഷം പുതിയ തിയ്യതി തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഐ24 ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കുന്നത്. ഏപ്രിലിലും സെപ്റ്റംബറിലുമാണ് നേരത്തെ മാറ്റിയത്. തെരഞ്ഞെടുപ്പ് നടപടികൾ കാരണമായിരുന്നു ഇത്. ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാനായിരുന്നു ഒടുവിലത്തെ തീരുമാനം. ഈ നീക്കമാണ് ദില്ലി സ്ഫോടനത്തെ തുടർന്ന് മാറ്റിവെച്ചത്.
നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത് 2018ലായിരുന്നു. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു. പിന്നാലെ 2018 ജനുവരിയിലാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്. അതേസമയം, ലോകമെമ്പാടും തനിക്ക് സ്വീകാര്യതയുണ്ടെന്ന് ഉയർത്തിക്കാട്ടാനും ലോക നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടെന്നും ഇസ്രയേലിന്‍റെ നീക്കങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ പിന്തുണയുണ്ടെന്ന് വരുത്താനുമായിരുന്നു ശ്രമമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ എന്നിവരോടൊപ്പമുള്ള നെതന്യാഹുവിന്‍റെ ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ പാർട്ടി പ്രചരിപ്പിച്ചിരുന്നു.
Delhi blasts: Israeli Prime Minister Benjamin Netanyahu’s visit to India postponed again














