
ന്യൂഡല്‍ഹി : പഞ്ചാബിലെ സിര്‍ഹിന്ദ് സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. ലുധിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിനാണ് തീപിടിച്ചത്. മൂന്ന് ബോഗികള്‍ കത്തി നശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 7:30 ഓടെയാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അപകടം തിരിച്ചറിഞ്ഞ് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് പ്രയോഗിച്ച് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ കൂടുതല്‍ ബോഗികളിലേക്ക് തീപടര്‍ന്നില്ല. അതേസമയം, ഭയന്ന് ആളുകള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ നിരവധി യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.
19-ാം നമ്പര്‍ കോച്ചിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ലുധിയാനയില്‍ നിന്നുള്ള നിരവധി ബിസിനസുകാര്‍ ഈ ട്രെയിനില്‍ യാത്ര ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ ഏകദേശം ഒരു മണിക്കൂറെടുത്തെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
19-ാം നമ്പര്‍ കോച്ചില്‍ നിന്ന് പുക ഉയരുന്നത് ഒരു യാത്രക്കാരന്‍ കണ്ടു. ഉടന്‍ തന്നെ അദ്ദേഹം ബഹളംവെച്ച ചങ്ങല വലിക്കുകയായിരുന്നു. ട്രെയിന്‍ നിന്നതോടെ പുകയും തീയും ഉയരാന്‍ തുടങ്ങിയതോടെ ആളുകള്‍ കൂട്ടത്തോടെ ട്രെയിന് പുറത്തേക്ക് ഓടുകയായിരുന്നു. തീ പിടിച്ച മൂന്ന് കോച്ചുകള്‍ ഒഴിവാക്കി വൈകാതെ ട്രെയിന്‍ യാത്ര ആരംഭിക്കുമെന്നാണ് വിവരം.
Delhi-bound Garib Rath train catches fire.