
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ ചെങ്കോട്ട ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ അക്രമികള്‍ മൂന്ന് വര്‍ഷമായി നടത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചെങ്കോട്ട ചാവേര്‍ ഡോ. ഉമര്‍ ഉന്‍ നബിയുടെ കൂട്ടാളികളെ ചോദ്യം ചെയ്യുന്നതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഇക്കാര്യം വ്യക്തമായത്. പുല്‍വാമ-ഫരീദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന കുറഞ്ഞത് മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സൂക്ഷ്മമായി പദ്ധതിയിടുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
ഡല്‍ഹിയില്‍ സ്‌ഫോടനം നടന്ന കാറിലുണ്ടായിരുന്ന ചാവേര്‍ ബോംബര്‍ ഡോ. ഉമര്‍ മുഹമ്മദ് നബിയും പിടിയിലായ ഡോക്ടര്‍മാരായ കൂട്ടാളികള്‍ മുസമില്‍ ഷക്കീലും അദീല്‍ അഹമ്മദ് റാത്തറും ടെലിഗ്രാം വഴി അബു അഖാഷ എന്ന വ്യക്തിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും 2022 ല്‍ തുര്‍ക്കിയില്‍ വെച്ച് മുഹമ്മദ്, ഒമര്‍ എന്നീ രണ്ട് ഇസ്ലാമിസ്റ്റുകളെ കണ്ടുമുട്ടിയിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ തീവ്രവാദികളായ ഡോക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നുവെന്നും അന്വേഷണവുമായി പരിചയമുള്ള ആളുകള്‍ സ്ഥിരീകരിക്കുന്നു. അബു അഖാഷ, മുഹമ്മദ്, ഒമര്‍ എന്നീപേരുകളുള്ള വ്യക്തികളെ തിരിച്ചറിയാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.
ചാവേര്‍ ബോംബാക്രമണവുമായി പാകിസ്ഥാനി അല്ലെങ്കില്‍ ജെയ്ഷ്-ഇ-മുഹമ്മദ് ബന്ധം ഉണ്ടെന്നത് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ബോംബ് നിര്‍മ്മാണത്തിന് വിദേശ ഭീകര സംഘടനകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
Delhi car blast; Terrorists started preparations three years ago









