തലസ്ഥാനം പിടിച്ചെടുത്ത ആവേശത്തിൽ ബിജെപി, പ്രധാനമന്ത്രിക്ക് പാർട്ടി ആസ്ഥാനത്ത് ഉജ്വല സ്വീകരണം; ‘ഡൽഹി ദുരന്ത വിമുക്തമായി’, ഐതിഹാസിക ജയമെന്നും മോദി

ദില്ലി: 27 വർഷങ്ങൾക്കിപ്പുറം രാജ്യതലസ്ഥാനത്തെ ഭരണം തിരിച്ചുപിടിച്ചത് വമ്പൻ ആഘോഷമാക്കിമാറ്റുകയാണ് ബി ജെ പി. പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾ ആവേശത്തിൽ പങ്കുചേർന്നു. പ്രധാനമന്ത്രിക്ക് പാർട്ടി ആസ്ഥാനത്ത് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. മോദി വിളികളോടെ പ്രവർത്തകർ പ്രധാനമന്ത്രിയെ വരവേറ്റപ്പോൾ അദ്ദേഹം ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി അറിയിച്ചു. ഡൽഹി വിജയത്തെ ഐതിഹാസികമെന്നും അസാധാരണമെന്നുമാണ് മോദി വിശേഷിപ്പിച്ചത്. ഡൽഹി മിനി ഹിന്ദുസ്ഥാനാണെന്നും ഇപ്പോൾ രാജ്യതലസ്ഥാനം ദുരന്ത മുക്തമായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മോദി ഗ്യരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദിയും പ്രധാനമന്ത്രി പറഞ്ഞു. ‘സബ്കാ സാത് സബ്കാ വികാസ്’ എന്നത് ഡൽഹിക്ക് മോദിയുടെ ​ഗ്യാരണ്ടിയാണ്. ഡൽഹി ബിജെപിയുടെ സദ്ഭരണം കാണുന്നു. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ഡൽഹിയിലും ബിജെപി പുതു ചരിത്രം രചിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.

അതേസമയം ഡൽഹിയിൽ 27 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞു. എഴുപതിൽ 48 സീറ്റും നേടിയാണ് ഇന്ദ്രപ്രസ്ഥത്തിൽ വീണ്ടും അധികാരത്തിലേറിയത്. ബി ജെ പിയുടെ പടയോട്ടത്തിന് മുന്നിൽ മുൻ മുഖ്യമന്ത്രി കെജ്രിവാളിനും സിസോദിയക്കുമെല്ലാം അടിതെറ്റി. പല സീറ്റുകളിലും ആപ്പിന്റെ പരാജയത്തിന് കാരണക്കാരായ കോൺഗ്രസ് വീണ്ടും സംപൂജ്യരായി.

More Stories from this section

family-dental
witywide