
ന്യൂഡൽഹി: സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി. ജീവിതപങ്കാളികൾ തമ്മിൽ വേർപിരിയുമ്പോൾ സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന് ഹൈക്കോടതിയുടെ വിധി. ഇന്ത്യൻ റെയിൽവേസ് ട്രാഫിക് സർവീസിൽ ഗ്രൂപ്പ് എ ഓഫീസറായ യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്റ്റിസ് അനിൽ ക്ഷേതർപാൽ, ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.
വേർപിരിയലിനുശേഷം അഭിഭാഷകനായ തന്റെ മുൻ ഭർത്താവിൽനിന്ന് ജീവനാംശവും നഷ്ടപരിഹാരവും തേടിയുള്ളതായിരുന്നു യുവതിയുടെ ഹർജി. 2010-ൽ വിവാഹിതയായ ദമ്പതിമാർ മൂന്ന് വർഷം മാത്രമാണ് ഒന്നിച്ചുകഴിഞ്ഞത്. തുടർന്ന് 2023 ഓഗസ്റ്റിൽ ഇരുവർക്കും കുടുംബക്കോടതി വിവാഹമോചനം നൽകുകയായിരുന്നു.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 25 കക്ഷികളുടെ വരുമാനം, വരുമാന ശേഷി, സ്വത്ത്, പെരുമാറ്റം എന്നിവ കണക്കിലെടുത്ത് ജീവനാംശം നൽകാൻ കോടതിക്ക് വിവേചനാധികാരം നൽകുന്നുണ്ട്. ജീവിതപങ്കാളി സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ സാഹചര്യങ്ങളിൽ ഹിന്ദു വിവാഹ നിയമത്തിലെ 25-ാം സെക്ഷൻ നടപ്പാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Delhi High Court issues important verdict; Spouse who has achieved financial independence is not entitled to alimony