
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപ്പീൽ പരിഗണിച്ച് ഡൽഹി ഹൈക്കോടതി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും അടക്കമുള്ള പ്രതികൾക്ക് നോട്ടീസയച്ചു. വിചാരണക്കോടതി ഇഡിയുടെ കുറ്റപത്രം സ്വീകരിക്കാതിരുന്ന നടപടിയെ ചോദ്യം ചെയ്താണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ആവശ്യത്തിലടക്കം മറുപടി സമർപ്പിക്കാനാണ് കോടതി നിർദേശിച്ചത്. കേസ് അടുത്ത വാദത്തിന് 2026 മാർച്ച് 12-ലേക്ക് മാറ്റി.
സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച കുറ്റപത്രം പിഎംഎൽഎ നിയമപ്രകാരം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി റൗസ് അവന്യു കോടതി കഴിഞ്ഞ ഡിസംബർ 16-ന് ഇഡിയുടെ പരാതി തള്ളിയത്. പ്രധാന കുറ്റാരോപിത കേസിൽ എഫ്ഐആർ ഇല്ലാത്തതാണ് ഇതിന് കാരണമായത്. ഇത് തെറ്റാണെന്നും മറ്റ് നിരവധി കേസുകളെ ബാധിക്കുന്നതാണെന്നും ഇ ഡി വാദിക്കുന്നു.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ച അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) ആസ്തികൾ യങ്ങ് ഇന്ത്യൻ എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ഇഡിയുടെ ആരോപണം. സോണിയയും രാഹുലും പ്രധാന ഓഹരി ഉടമകളായ യങ്ങ് ഇന്ത്യൻ വഴി ഏകദേശം 2000 കോടി രൂപയുടെ ആസ്തികൾ സ്വന്തമാക്കിയെന്ന് ഇഡി ആരോപിക്കുന്നു. കേസിൽ സുമൻ ദുബെ, സാം പിത്രോദ തുടങ്ങിയവരും പ്രതികളാണ്.














