
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സി ഐ സി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 1978 ൽ ഡൽഹി സർവകലാശാലയിൽ നിന്ന് മോദി ബി എ ബിരുദം നേടിയതിന്റെ രേഖകൾ പരിശോധിക്കാൻ അനുമതി നൽകിയ 2016 ലെ സി ഐ സി ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഹർജിയിലാണ് ഈ വിധി. വിവരാവകാശ നിയമപ്രകാരം ആക്ടിവിസ്റ്റ് നീരജ് ശർമ ആവശ്യപ്പെട്ട ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
ഡൽഹി സർവകലാശാലയെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വിദ്യാർഥികളുടെ ബിരുദ വിവരങ്ങൾ സ്വകാര്യതയുടെ ഭാഗമാണെന്നും, അപരിചിതർക്ക് ഇവ കൈമാറുന്നത് നിയമവിരുദ്ധമാണെന്നും വാദിച്ചു. 1978 ൽ ബി എ പരീക്ഷ പാസായ എല്ലാ വിദ്യാർഥികളുടെയും രേഖകൾ പരിശോധിക്കാൻ അനുവദിച്ച സി ഐ സി ഉത്തരവ് വിവരാവകാശ നിയമത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിധിയിലൂടെ, മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി വിധിച്ചു, എന്നാൽ കോടതിക്ക് ആവശ്യമെങ്കിൽ രേഖകൾ പരിശോധിക്കാമെന്നും വ്യക്തമാക്കി.