
ഡൽഹിയിലെ ചെങ്കോട്ടയിൽ ഉണ്ടായ സ്ഫോടനം ആസൂത്രിതമായ ആക്രമണമല്ലെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോർട്ട്. നിർമ്മാണം പൂർത്തിയാകാത്ത ബോംബ് കാറിനകത്തുണ്ടായിരുന്നയാളുടെ പരിഭ്രാന്തിയിൽ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാർത്താ ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, ബോംബിന്റെ നിർമാണം പൂർണമായിരുന്നില്ല, അതിനാൽ സ്ഫോടനത്തിന്റെ തീവ്രത വളരെ കുറവായിരുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്.
സ്ഫോടന സ്ഥലത്ത് ഗർത്തമോ ഇരുമ്പ് ചീളുകളോ പ്രൊജക്ടൈലുകളോ കണ്ടെത്തിയിട്ടില്ലെന്നത് ആസൂത്രിത ആക്രമണ സാധ്യതയെ തള്ളിക്കളയുന്നു. ബോംബ് അസമയത്ത് പൊട്ടിയതാണ് സംഭവത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പരിശോധനകൾ തുടരുന്നതിനിടെ, സുരക്ഷാ ഏജൻസികൾ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, ഉന്നത വൃത്തങ്ങൾ ജനങ്ങളോട് ശാന്തരായിരിക്കാൻ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ സ്ഥിതിഗതികൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ ആഭ്യന്തര മന്ത്രാലയം കേസ് അന്വേഷണം പൂർണമായും ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)ക്ക് കൈമാറി. ഇതിന് പിന്നാലെ ചെങ്കോട്ട സ്ഫോടന കേസ് അന്വേഷണം ഏറ്റെടുത്തതായി എൻ ഐ എ അറിയിച്ചു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. എച്ച്ആർ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡി എൻ എ പരിശോധന നടത്തും. വിവിധ അന്വേഷണ സംഘങ്ങൾ വിശദമായ അന്വേഷണം തുടരുകയാണ്. ഈ അന്വേഷണങ്ങളെല്ലാം ഇനി എൻ ഐ എയുടെ മേൽനോട്ടത്തിലാകും നടക്കുക.












