
ന്യൂഡല്‍ഹി : വെള്ളിയാഴ്ച രാവിലെയോടെ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ‘അപകടകരമായ’ നിലയിലേക്ക് താഴ്ന്നു. സ്വിസ് മോണിറ്റര്‍ IQ Air ന്റെ ഡാറ്റ പ്രകാരം നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) 727 ആയി രേഖപ്പെടുത്തി. ഏറ്റവും മോശമായ വായുനിലവാരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
ദീപാവലിക്ക് ശേഷം ദേശീയ തലസ്ഥാനത്ത് വായുവിന്റെ നിലവാരം വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ആഘോഷത്തിനു പിന്നാലെയുള്ള മലിനീകരണം, അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലെ വൈക്കോല്‍ കത്തിക്കല്‍, എന്നിവ മലിനീകരണ തോത് ഉയര്‍ത്തുന്നുണ്ട്.
വ്യാഴാഴ്ച, ഡല്‍ഹിയുടെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലേക്ക് താഴ്ന്നു. വൈകുന്നേരം 4 മണിക്ക് AQI 311 ആയി. ഇത് ഡല്‍ഹിയെ ‘റെഡ് സോണില്‍’ ആക്കി. ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ ഡല്‍ഹി നാലാം സ്ഥാനത്താണ് ഡല്‍ഹിയുള്ളത്.
ശൈത്യം ശക്തി പ്രാപിക്കുന്നതിനാല്‍ മലിനവായു അന്തരീക്ഷത്തില്‍ തങ്ങിനിന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്നു ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നിര്‍ദേശിച്ചു. വായു മലിനീകരണത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങളും എയിംസ് പുറത്തിറക്കി.
Delhi’s Air quality worsens, AIIMS issues alert.















