ഇന്ത്യക്കാർ മോമോയുമായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. പക്ഷേ ഡൽഹിയിൽ നിന്നുള്ള പുതിയൊരു മോമോ വീഡിയോ ഇത് വരെ കണ്ടതിലൊക്കെ ഏറ്റവും വിചിത്രമായ രീതിയിലേക്കാണ് ആളുകളെ കൊണ്ടുപോയിരിക്കുകയാണ്. ഒരു തെരുവ് കച്ചവടക്കാരൻ തട്കെ വാലെ ഫ്രൂട്ട് മോമോ തയ്യാറാക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. വീഡിയോ കണ്ടവർ ഞെട്ടിയും അമ്പരന്നും ചിരിച്ചും പോവുകയാണ്.
ഇൻസ്റ്റാഗ്രാം ഹാൻഡിൽ @foodpandits ആണ് വീഡിയോ പങ്കുവച്ചത്. എവിടെയും ഇത് പരീക്ഷിക്കരുത് എന്ന ക്യാപ്ഷനോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ആദ്യം വിൽപ്പനക്കാരൻ വാഴപ്പഴം, ആപ്പിൾ, മുന്തിരി, ഓറഞ്ച് എന്നിവ അരിയുന്നതായി കാണാം. പക്ഷേ ഇവ ഫ്രഷായി നൽകുന്നതിന് പകരം നേരെ ചൂടായ എണ്ണയിൽ ഇട്ടു വറുത്തെടുക്കുകയാണ്. ശേഷം വറുത്ത പഴങ്ങൾക്കു മുകളിൽ ചീസ് ഇട്ട് ചൂടാക്കുന്നു. അതിലേക്ക് വെള്ളം ഒഴിക്കുന്നു, അതിനും മുകളിൽ ക്രീം ഒഴിക്കുന്നു. പിന്നെ ഒറിഗാനോയും ചില്ലി ഫ്ലേക്സും!.
വീഡിയോയിലുള്ള ഫുഡ് വ്ലോഗർ അത്ഭുതപ്പെട്ട് ചോദിക്കുന്നുണ്ട് ഇത് ആളുകൾ ശരിക്കും കഴിക്കുമോ? എന്ന്. അവസാനം വറുത്ത മോമോയും ചേർത്ത് ₹200-യുടെ ഈ പ്രത്യേക “ഡിഷ്” പൂർത്തിയാക്കുന്നു. ക്രീമിയും എണ്ണയും പഴവും മസാലയും എല്ലാം കൂടി ഇങ്ങനെ എല്ലാറ്റിന്റെയും മിശ്രിതം കാണികൾക്ക് മനസ്സിലാക്കാനാകാതെ കിടക്കുകയാണ്.
അതേസമയം, വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തിയിരിക്കുന്നത്.”മോമോസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു” എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. “സഹോദരാ, നരകത്തിൽ പോലും നിങ്ങൾക്ക് ഒരു സ്ഥലം കണ്ടെത്താനാവില്ല” എന്ന് രണ്ടാമത്തെ ഉപയോക്താവ് കമന്റ് ചെയ്തു. “ഇത് കഴിക്കുന്നവർക്ക് അവരുടെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കണം,” മറ്റൊരു ഉപയോക്താവും കമൻ്റും ചെയ്തു. കുറച്ച് ഹാർപിക് കൂടി ഒഴിക്കാമായിരുന്നില്ലേ എന്നു ചോദിച്ചവരുമുണ്ട്.
Delhi’s ‘Tadke Wale Fruit Momo’ goes viral on social media; comments say faith in momos has been lost













