പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എഞ്ചിനില്‍ തീ ; ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനത്തിന് ലോസ് ഏഞ്ചല്‍സില്‍ അടിയന്തര ലാന്‍ഡിംഗ്

ലോസ് ഏഞ്ചല്‍സ് : ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ എഞ്ചിനില്‍ തീപിടിച്ചതോടെ ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനത്തിന് ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടിവന്നു. അറ്റ്‌ലാന്റയിലേക്ക് പോകുകയായിരുന്നു വിമാനം.

‘വിമാനത്തിന്റെ ഇടതുവശത്തെ എഞ്ചിനില്‍ ഒരു പ്രശ്‌നമുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഡെല്‍റ്റ ഫ്‌ലൈറ്റ് 446 പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ലോസ് ഏഞ്ചല്‍സിലേക്ക് മടങ്ങി,’ ഡെല്‍റ്റ എയര്‍ ലൈന്‍സ് വക്താവ് ബിബിസിയോട് പറഞ്ഞു.

വിമാനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബോയിംഗ് 767-400 (രജിസ്‌ട്രേഷന്‍ N836M-H) പ്രവര്‍ത്തിപ്പിക്കുന്ന ഫ്‌ലൈറ്റ് D-L446, വിമാനത്തിന്റെ ഇടത് എഞ്ചിനില്‍ നിന്ന് തീജ്വാലകള്‍ ഉയരുന്നതും വീഡിയോയില്‍ കാണാം. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അടിയന്തര ലാന്‍ഡിംഗ് നടത്തിയ വിമാനം റണ്‍വേയിലെത്തി യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ അണക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന് ഏകദേശം 25 വര്‍ഷം പഴക്കമുണ്ട്, രണ്ട് ജനറല്‍ ഇലക്ട്രിക് ഇഎ6 എഞ്ചിനുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

ഡെല്‍റ്റ ഈ വര്‍ഷം ഇത്തരമൊരു പ്രശ്‌നം നേരിടുന്നത് ഇതാദ്യമല്ല. ഏപ്രിലില്‍, ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മറ്റൊരു ഡെല്‍റ്റ വിമാനത്തിന് തീപിടിച്ചിരുന്നു. ആ വിമാനവും അറ്റ്‌ലാന്റയിലേക്ക് പോകാനിരുന്നതാണ്. പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിക്കുകയായിരുന്നു.

More Stories from this section

family-dental
witywide