
ഇന്ത്യയിൽ വയോധികരുടെ എണ്ണത്തിലെ വർദ്ധനവ് പോലെ ഓർമ്മയും തിരിച്ചറിവും നഷ്ടപ്പെടുന്ന ഡിമെൻഷ്യ എന്ന നിശബ്ദ രോഗം ബാധിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. വീടുകൾക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് ഡിമെൻഷ്യ രോഗികൾ സൃഷ്ടിക്കുന്നത്. ബെംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഡിമെൻഷ്യ കെയർ കേന്ദ്രങ്ങളിലെ പ്രതിദിനം കാണുന്ന കാഴ്ചകൾ ഏറെ ഹൃദയഭേദകമാണ്.
ഗുരുഗ്രാമിലെ ഫ്രിഡാ എപ്പോക്ക് എൽഡർ കെയറിൽ താമസിക്കുന്ന വിരമിച്ച ഐഎഎസ് ഓഫീസർ ഓരോ രാത്രിയും എനിക്ക് ഇന്നത്തെ ഫ്ലെറ്റ് ഉണ്ട് എന്ന് പറഞ്ഞ് ബാഗ് തയാറാക്കും. കുറച്ച് മിനിറ്റുകൾക്ക് ശേഷം മുറിയിലേക്കു തിരിച്ചെത്തുകയും ചെയ്യും. മറ്റൊരിടത്ത് ഒരു വിരമിച്ച അധ്യാപിക ദിവസവും ക്ലാസിന് തയ്യാറാകും. കെയർടേക്കർമാരാണ് അവരുടെ വിദ്യാർത്ഥികൾ.ദീർഘായുസ്, ഏകാന്തത, ജീവിതശൈലി രോഗങ്ങൾ, ആണവകുടുംബങ്ങളുടെ വളർച്ച തുടങ്ങിയവയെല്ലാമാണ് ഇന്ത്യയിൽ ഡിമെൻഷ്യ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
രാജ്യത്ത് 60 വയസിന് മുകളിലുള്ള 8.8 മില്യൺ പേർ ഡിമെൻഷ്യ ബാധിക്കപ്പെട്ടവരാണ് എന്നാണ് കണക്കുകൾ. 2036 ഓടെ ഇത് 17 മില്യൺ ആകുമെന്നാണ് കണക്കുകൾ. എന്നാൽ, രാജ്യത്ത് പ്രത്യേക ഡിമെൻഷ്യ കെയർ കേന്ദ്രങ്ങൾ 50-ലും താഴെയാണ്. കൂടാതെ ആരോഗ്യപ്രവർത്തകർക്ക് ഇതിൽ പരിശീലനവും കുറവാണ്.അതേസമയം, ഡിമെൻഷ്യയ്ക്കൊരു ദേശീയ നയം ഇല്ല. കുടുംബങ്ങളിൽ പ്രത്യേകിച്ച് സ്ത്രീക തന്നെ പരിശീലനമില്ലാതെ തന്നെ ഡിമെൻഷ്യ ബാധിക്കപ്പെട്ടവരുടെ പ്രധാന കെയർടേക്കർമാരാകേണ്ട അവസ്ഥയാണ്. ഡിമെൻഷ്യ ബാധിച്ചവരെ പരിചരിക്കുന്നത് മാനസികവും ശാരീരികവും ആയ വലിയ ഉത്തരവാദത്വവുമാണ്.
റെനു സച്ച്ദേവ 72 വയസ്സുള്ള തൻ്റെ അമ്മായിയമ്മയെ പരിചരിക്കുന്നതിനായി ജോലി പോലും ഉപേക്ഷിച്ചു. മറവിയും ആശയക്കുഴപ്പവും കൂടിയപ്പോൾ 24/7 കെയർ വേണ്ടിവന്നു. പിന്നീട് ഗുരുഗ്രാമിലെ ഡേ കെയർ സെന്ററിൽ ചേർക്കുകയായിരുന്നു. ശരണ്യ മുൻഷി എന്ന പെൺകുട്ടിയുടെ ജീവിതം മാറി മറഞ്ഞത് വെറും 17 വയസ്സിലാണ്. തന്റെ അമ്മയ്ക്ക് ഡിമെൻഷ്യയെന്ന് പറഞ്ഞപ്പോൾ ജീവിതം തന്നെ മാറി. സമയമറിയാൻ സ്മാർട്ട് വാച്ച്, മരുന്ന് ബോക്സ്, ഡയറി എല്ലാം ഉപയോഗിച്ച് അമ്മയുടെ ദിനചര്യ അവൾ ക്രമീകരിക്കുന്നു. കൊൽക്കത്തയിൽ അഭിക് മിത്ര 56 വയസ്സുള്ള അമ്മയുടെ വേഗത്തിലുള്ള മാറ്റങ്ങൾ കണ്ടപ്പോഴാണ് രോഗത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. പിന്നീട് വീട്ടിലെ എല്ലാ ചുമതലകളും പിതാവ് ഏറ്റെടുത്തു.
പഠനങ്ങൾ പ്രകാരം സ്ത്രീകൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത പുരുഷന്മാരേക്കാൾ ഇരട്ടിയോളമാണ്. പരമ്പരാഗതമായി വീട്ടിലെ ‘പരിചാരക’ എന്ന സ്ഥാനം വഹിക്കുന്നത് മിക്കവാറും സ്ത്രീകളാകുന്നതിനാൽ, രോഗം വരുമ്പോൾ കുടുംബത്തിന്റെ മുഴുവൻ ഘടനയും തകിടം മറിയുന്നു. ഡിമെൻഷ്യ ഒരു രോഗമാത്രമല്ല കുടുംബത്തിന്റെ ജീവിതം മുഴുവൻ മാറ്റിമറിക്കുന്ന നിശബ്ദമായ ഒരു വലിയ പ്രതിസന്ധിയാണ്. അതിനാൽ തന്നെ ഡിമെൻഷ്യ രോഗ ബാധിതർക്ക് പരിചരണവും പിന്തുണയും ലഭിക്കാൻ ഇന്ത്യയിൽ കൂടുതൽ കെയർ കേന്ദ്രങ്ങളും പരിശീലനം നേടിയ ജീവനക്കാരും പൊതുനയങ്ങളും വളരെ അത്യാവശ്യമാണ്.
Dementia; A silent challenge that paralyzes entire Indian families, the healthcare sector is doing nothing
















