
വാഷിംഗ്ടണ്‍: തീരുവ യുദ്ധത്തില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനിടെ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Alien Enemies Act (എഇഎ) ഉപയോഗിച്ച് രാജ്യത്തിന് ദോഷകരമാകാവുന്ന ആളുകളെ നാടുകടത്തുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ താല്‍ക്കാലികമായി തടഞ്ഞ ജില്ലാ കോടതി വിധി യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതോടെ ചൊവ്വാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, യുഎസില്‍ അനധികൃതമായി താമസിക്കുന്ന ആളുകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. ‘ഇപ്പോള്‍ സ്വയം നാടുകടത്തുക, അല്ലെങ്കില്‍ നിങ്ങളെ തടവിലാക്കും.’ എന്നാണ് മുന്നറിയിപ്പ്.
‘ഇന്നലെ രാത്രി, സുപ്രീം കോടതി ട്രംപ് ഭരണകൂടത്തിന് വന്‍ നിയമപരമായ വിജയം നല്‍കുകയും എഇഎ നിയമപ്രകാരം വിദേശ ഭീകര ആക്രമണകാരികളെ നീക്കം ചെയ്യുന്നത് തുടരാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്തു. ഇത് ഒരു തെമ്മാടി, ഇടതുപക്ഷ, താഴ്ന്ന തലത്തിലുള്ള ജില്ലാ കോടതി ജഡ്ജിക്കുള്ള തിരിച്ചടിയായിരുന്നു.’- ഒരു പത്രസമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞതിങ്ങനെ.
ട്രെന്‍-ഡി-അരാഗ്വ, എംഎസ്-13 തുടങ്ങിയ ഗ്രൂപ്പുകളെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള മുന്നറിയിപ്പാണ് വൈറ്റ് ഹൗസ് നല്‍കിയിട്ടുള്ളത്. ഇപ്പോഴും രാജ്യത്തുള്ള വിദേശ തീവ്രവാദികള്‍ക്കുള്ളതാണ് ഈ സന്ദേശമെന്നും ‘ഇപ്പോള്‍ സ്വയം നാടുകടത്തുക, അല്ലെങ്കില്‍ നിങ്ങളെ തടവിലാക്കും’ എന്നും കരോലിന്‍ പറഞ്ഞു.