ഹൈക്കോടതിയിൽ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമർപ്പിച്ചു; ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഉരുക്കി, സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍

സ്വർണ്ണപ്പാളി വിഷയത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം വിജിലൻസ്. ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളിയിലെ സ്വര്‍ണ്ണം ഉരുക്കിയെന്നും ഉരുക്കിയ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കലെന്നും വിവരം. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ചേര്‍ന്നാണ് ഈ തട്ടിപ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിഷയത്തിൽ കൂടുതല്‍ ദേവസ്വം ജീവനക്കാര്‍ക്ക് പങ്കെന്ന വിവരവും പുറത്ത് വന്നു. അന്നത്തെ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ പേരെടുത്തു പറഞ്ഞാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയ്യില്‍ കൊടുത്തു വിടേണ്ടതില്ല എന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഉത്തരവ്. ഈ ഉത്തരവ് തിരുത്തിയത് അന്നത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയാണെന്ന് കണ്ടെത്തിയെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്നാണ് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 20 പേജുള്ള റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

More Stories from this section

family-dental
witywide