ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിൻവലിച്ചു. ഇതോടെ രാജ്യത്താകെ സർവീസുകൾ താറുമാറായ ഇൻഡിഗോയുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്.
ഇൻഡിഗോയുടെ 600-ലധികം സർവീസുകളാണ് ഇന്ന് പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം മുടങ്ങിയത്. ഡൽഹി വിമാനത്താവളം അടക്കമുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇൻഡിഗോയുടെ സർവീസുകൾ പൂർണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടായി.
ഡൽഹിയിൽ മാത്രം 225-ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇതേത്തുടർന്ന് വലിയ പ്രതിസന്ധിയാണ് ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ ഉണ്ടായത്. ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകുകയും വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുകയുമായിരുന്നു. പാർലമെന്റിൽ വിഷയം ചർച്ചയാകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദ്ദേശമാണ് പിൻവലിച്ചതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കമ്പനിക്ക് സാധിക്കും. എങ്കിലും, വിമാന സർവീസുകൾ പൂർണ സ്ഥിതിയിലേക്ക് പുനഃക്രമീകരിക്കാൻ രണ്ടുദിവസം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
DGCA’s relaxation comes as a relief to IndiGo; Pilot duty hours requirement withdrawn















