
ന്യൂഡൽഹി: ആമുഖമാണ് ഏതൊരു ഭരണഘടനയുടെയും ആത്മാവെന്നും അതു മാറ്റാനാവുന്നതല്ലെന്നും ഡൽഹിയിലെ പുസ്‌തക പ്രകാശനച്ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. ഭരണഘടനയുടെ ആമുഖത്തിൽ അടിയന്തരാവസ്ഥക്കാലത്ത് കൂട്ടിച്ചേർത്ത ‘സോഷ്യലിസ്റ്റ്’, ‘മതേതരത്വം’ എന്നീ പദങ്ങൾ നീക്കംചെയ്യുന്നത് സംബന്ധിച്ച് ആർഎസ്എസ് തുടങ്ങിവെച്ച ചർച്ച സംബന്ധിച്ചാണ് ഉപരാഷ്ട്രപതി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലല്ലാതെ വേറൊരു രാജ്യത്തും ഭരണഘടനയുടെ ആമുഖം മാറ്റിയിട്ടില്ല. അതങ്ങനെ തിരുത്താവുന്നതല്ല. ആമുഖത്തിൽനിന്നാണ് ഭരണഘടന വളരുന്നത്. ഭരണഘടനയുടെ വിത്താണ് ആമുഖം. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്താണ് 1976-ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്’, ‘മതേതരത്വം’, ‘ഇന്റഗ്രിറ്റി’ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത്. ‘നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ’ എന്ന് പറഞ്ഞ് തുടങ്ങുന്ന ആമുഖത്തിൽ ഇരുട്ടിലായിരുന്ന കാലത്താണ് മാറ്റാൻ പാടില്ലാത്ത ഒന്നിൽ മാറ്റം വരുത്തിയതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ബി.ആർ. അംബേദ്‌കറും സംഘവും കഠിനപ്രയത്നത്തിൽ തയ്യാറാക്കിയതാണെന്നു മറന്നുകൊണ്ടാണ് അതുചെയ്‌തത്. അതൊരു മുറിവായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആ വാക്കുകൾ ചേർത്തത് ഭരണഘടനാ ശില്പികളോടുള്ള വഞ്ചനയാണ്. ആയിരക്കണക്കിന് വർഷങ്ങളായുള്ള രാജ്യത്തിന്റെ നാഗരിക സമ്പത്തിനെയും അറിവിനെയും ഇകഴ്ത്തുന്ന തരത്തിലെ നീക്കമാണത്. അത് സനാതന ചൈതന്യത്തിൻ്റെ നിന്ദയാണെന്നും ധൻകർ പറഞ്ഞു.ഭരണഘടനാ ആമുഖത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സുപ്രീംകോടതി ജഡ്‌ജിമാർ മുൻപ് നടത്തിയ നിരീക്ഷണങ്ങളും ധൻകർ ചൂണ്ടിക്കാട്ടി.
അംബേദ്കർക്ക് മരണാനന്തര ബഹുമതിയായി എൻഡിഎ സർക്കാരാണ് ഭാരതരത്ന ബഹുമതി നൽകിയതെന്നും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് ധൻകർ പറഞ്ഞു. ആർഎസ്എസ് നിലപാടിനെ പിന്താങ്ങി കേന്ദ്രമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാനും ജിതേന്ദ്ര സിങ്ങും രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ സോഷ്യലിസത്തിൻ്റെ ആവശ്യമില്ലെന്നും മതേതരത്വം നമ്മുടെ സംസ്‌കാരത്തിന്റെ കാതലല്ലെന്നും അതിനാൽത്തന്നെ അതു ചർച്ചചെയ്യേണ്ടതാണെന്നും ചൗഹാൻ അഭിപ്രായപ്പെട്ടു. അംബേദ്‌കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടനയിൽ ഇല്ലാതിരുന്ന വാക്കുകളാണതെന്ന് മന്ത്രി ജിതേന്ദ്ര സിങും പറഞ്ഞു.