
ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചു. പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധർ വിശദ പരിശോധന നടത്തിവരികയാണ്. അസ്ഥികൾ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്നതിനാൽ പരിശോധനയ്ക്ക് കൂടുതൽ സമയം വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ന് ആറാമത്തെ സ്ഥലത്ത് മാത്രമാണ് പരിശോധന നടക്കുന്നത്. അസ്ഥികൾ കണ്ടെടുത്തതിന്റെ മഹസർ നടപടികൾ ആരംഭിച്ചു. സാക്ഷിയുടെ വെളിപ്പെടുത്തൽ സത്യമാണോയെന്നതാണ് ഇനി അറിയാനുള്ളത്. ധർമസ്ഥലയിൽ നൂറോളം പെണ്‍കുട്ടികളെ കുഴിച്ചുമൂടിയെന്ന് തനിക്കറിയാമെന്നായിരുന്നു വെളിപ്പെടുത്തല്‍.
റവന്യൂ അസിസ്റ്റന്റ് കമീഷണർ സ്റ്റെല്ല വർഗീസിന്റെ നേതൃത്വത്തിലാണ് നടപടികൾ. മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് മൂന്നാം ദിവസത്തെ തെരച്ചിലിനിടെയാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ആറാം നമ്പർ സ്ഥലത്ത്, രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് എല്ലുകൾ ലഭിച്ചത്. കൂടുതൽ പരിശോധനകൾ നടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിനങ്ങളിൽ അഞ്ച് സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിൽ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നില്ല. ഇന്നലെ എസ്ഐടി മേധാവി പ്രണബ് മൊഹന്തി ധർമസ്ഥലയിലെത്തി കാട്ടിനുള്ളിലെ പരിശോധനാ സ്ഥലങ്ങൾ നേരിട്ട് വിലയിരുത്തി.
സാക്ഷിയുടെ മൊഴി അനുസരിച്ച്, എട്ട് സ്ഥലങ്ങൾ അന്വേഷണ സംഘം അടയാളപ്പെടുത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം കാടിനുള്ളിലും, നാലെണ്ണം നേത്രാവതി നദിക്ക് സമീപമുള്ള ദേശീയപാതയിലും, ഒരെണ്ണം നേത്രാവതി സ്നാനഘട്ടത്തിന് സമീപമുള്ള ഒരു ചെറിയ റോഡിലുമാണ്. കന്യാടിയിലെ സ്വകാര്യ ഭൂമിയിൽ രണ്ട് സ്ഥലങ്ങൾ ഉണ്ടെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയെങ്കിലും, അവിടെ പരിശോധനയ്ക്ക് എസ്ഐടിക്ക് പ്രത്യേക അനുമതി ആവശ്യമാണ്. ഓരോ സ്ഥലത്തും സാക്ഷി സൂചിപ്പിച്ചതിലും വിശാലമായ പ്രദേശത്താണ് തെരച്ചിൽ നടത്തുന്നത്.