
കർണാടക: കർണാടകയിലെ ധർമസ്ഥലയിൽ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം മറവു ചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലാകും അന്വേഷണം.
പ്രത്യേക അന്വേഷണ സംഘത്തിൽ ഐ ജി എം എൻ അനുചേത്, ഡി സി പി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരും ഉൾപ്പെടും. ആ കാലയളവിൽ കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട മിസ്സിംഗ് കേസുകൾ അടക്കം ഈ അന്വേഷണ സംഘത്തിൻ്റെ പരിധിയിൽ വരും. വനിതാ കമ്മീഷന്റെ കത്ത് പ്രകാരവും ദക്ഷിണ കന്നഡ എസ്പിയുടെ റിപ്പോർട്ട് പ്രകാരവുമാണ് സർക്കാർ ഉത്തരവ്.
അതേസമയം, ധർമസ്ഥലയിലെ നിഗൂഡതകളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. സംഘടിതമായ ക്രിമിനൽ പ്രവർത്തനമാണ് ധർമസ്ഥലയിൽ നടക്കുന്നതെന്നും ധർമസ്ഥല ക്ഷേത്രത്തിന്റെ പരിശുദ്ധിക്ക് കളങ്കമുണ്ടാക്കാൻ അനുവദിക്കരുതെന്നും എംപി അമിത്ഷായ്ക്ക് അയച്ച കത്തിൽ രാജ്യസഭാ എം പി പി സന്തോഷ് കുമാർ ആവശ്യപ്പെട്ടു.