ധർമ്മസ്ഥല വെളിപ്പെടുത്തൽ; മണ്ണ് നീക്കിയുള്ള പരിശോധന ഇന്നും തുടരും

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്നും പരിശോധനകൾ തുടരും. ധർമസ്ഥലയിലെ ആറ് പോയന്‍റുകളിൽ പരിശോധന പൂർത്തിയാക്കി പ്രത്യേകാന്വേഷണസംഘം ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്‍റിൽ കുഴിച്ച് പരിശോധന തുടങ്ങും. റോഡിനോട് ചേർന്നുള്ള സ്പോട്ടുകളും ഇന്ന് പരിശോധിക്കും. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയ്ക്കും സാധ്യതയുണ്ട്. 7 മൃതദേഹങ്ങൾ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ.

ഇന്നലത്തെ പരിശോധനയിലാണ് അന്വേഷണത്തിൽ വഴിത്തിരിവായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങൾ കിട്ടിയത്. കിട്ടിയ 15 അസ്ഥികളുടെ കാലപ്പഴക്കം അടക്കം പരിശോധിക്കും. പലതും പൊട്ടിയിട്ടുണ്ട്. കിട്ടിയ അസ്ഥിമനുഷ്യന്റേത് ആണെന്നും പുരുഷന്റെ അസ്ഥിയാണെന്നും റിപ്പോർട്ടുകളുണ്ട്. ഫോറെൻസിക് സംഘം അസ്ഥികൾ ശേഖരിച്ച് ബയോ സേഫ് ബാഗുകളിൽ ആക്കി എഫ് എസ് എൽ ലാബിലേക്ക് ഫൊറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോയി.

ഡിജിപി പ്രണബ് മോഹന്തി ഇന്നലെ രാത്രി ബെൽത്തങ്ങാടി എസ്ഐടി ഓഫീസിൽ എത്തി. 13 പോയന്‍റുകളും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്. അസ്ഥികൾ ലഭിച്ച ആറാം നമ്പർ സ്പോട്ടിൽ സുരക്ഷ ഏർപ്പെടുത്തി. പ്രദേശത്ത് കനത്ത മഴയായതിനാൽ കുഴിച്ച ഭാഗത്ത് വെള്ളം വന്ന് നിറയാതിരിക്കാൻ ടെന്‍റ് കെട്ടിയും ടാർപോളിനിട്ടും മൂടി. സംഭവത്തിൽ പുത്തൂർ റവന്യൂ അസിസ്റ്റന്റ് സ്റ്റെല്ല വർഗീസിന്റെ സാന്നിധ്യത്തിലാണ് മഹസർ തയ്യാറാക്കിയത്.

Also Read

More Stories from this section

family-dental
witywide