ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തിയോ? ‘നല്ല നടപടി’യെന്ന് ട്രംപ്, പക്ഷേ കേന്ദ്രത്തിന്റെ മറുപടി ഇങ്ങനെ

വാഷിംഗ്ടണ്‍ : ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തിയതായി റിപ്പോര്‍ട്ട് ഉണ്ടെന്നും , അത് ശരിയാണെങ്കില്‍ ‘നല്ല നടപടി’ ആണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു.

‘ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് എനിക്ക് മനസ്സിലായി. അതാണ് ഞാന്‍ കേട്ടത്, അത് ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. അതൊരു നല്ല നടപടിയാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.’-വാഷിംഗ്ടണ്‍ ഡിസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് പറഞ്ഞു.

അതേസമയം, ഇറക്കുമതി നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല. പൊതുമേഖലാ എണ്ണക്കമ്പനികള്‍ റഷ്യയില്‍ നിന്നും ഇറക്കമതി നിര്‍ത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പിഴ ചുമത്താന്‍ അമേരിക്ക തീരുമാനിച്ചതിന് ദിവസങ്ങള്‍ക്കുള്ളിലാട്രംപിന്റെ പുതിയ പരാമര്‍ശം. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമേരിക്ക 25% അധിക ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യ ഡിസ്‌കൗണ്ട് വിലയില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെ ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും നേരത്തെ വിമര്‍ശിച്ചിരുന്നു.

അതേസമയം, ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയോ എന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ തനിക്കറിയില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളിന്റെ മറുപടി.

More Stories from this section

family-dental
witywide