ടെക്സസ് ദുരന്തത്തിന്റെ കാരണം ട്രംപിന്‍റെ വെട്ടിച്ചുരുക്കലും പിരിച്ചുവിടലുകളുമോ? മിന്നൽ പ്രളയത്തിന്‍റെ വ്യാപ്തി കൂട്ടിയത് ട്രംപ് ഭരണകൂടത്തിന്‍റെ പരിഷ്കാരങ്ങളെന്ന് വിമർശനം

ടെക്സസ്: അമ്പതിലേറെപ്പേർക്ക് ജീവൻ നഷ്ടമായ ടെക്സാസിൽ ഗ്വാഡലൂപ്പെ നദിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിന് പിന്നാലെ ട്രംപ് ഭരണകൂടത്തിനെതിരെ വിമർശനം ശക്തമാകുന്നു. ശക്തമായ മഴയെക്കുറിച്ച് കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് പ്രാദേശിക ഭരണകൂടങ്ങൾ ആരോപിക്കുന്നുണ്ട്. ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം ദേശീയ കാലാവസ്ഥ സർവീസിലും (NWS) നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനിലും (NOAA) നടത്തിയ വൻതോതിലുള്ള പിരിച്ചുവിടലുകളും വെട്ടിച്ചുരുക്കലുമാണ് മിന്നൽ പ്രളയത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്നാണ് വിമർശനം. ട്രംപിന്‍റെ പിരിച്ചുവിടലുകളും വെട്ടിച്ചുരുക്കലും കാരണം മുന്നറിയിപ്പ് സംവിധാനങ്ങൾ തകരാറിലായതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമെന്നാണ് വിമർശകർ ചൂണ്ടികാട്ടുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുമ്പോൾ, കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനങ്ങളുടെ പരാജയവും ഫെഡറൽ ഏജൻസികളിലെ ബജറ്റ് വെട്ടിക്കുറവുകളും സംബന്ധിച്ച ചർച്ചകൾ ശക്തമാകുകയാണ്.

അതേസമയം സാധാരണയെക്കാൾ 20% കൂടുതൽ മഴ ഈ മാസം മധ്യ ടെക്സാസിൽ ലഭിച്ചതായി സ്വതന്ത്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 4 ന് അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ മലയോര മേഖലയിലെത്തിയ വിനോദസഞ്ചാരികളുടെ കൃത്യമായ കണക്കും ലഭ്യമല്ലെന്ന് ടെക്സാസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക്ക് അറിയിച്ചു. ദുരന്തത്തിൽ കാണാതായവരുടെ കൃത്യമായ കണക്ക് ലഭ്യമല്ലെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്.

അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. കെർ കൗണ്ടിയിലെ ക്യാംപസ് മിസ്റ്റിക്ക് വേനൽ അവധി ക്യാംപിൽ നിന്ന് കാണാതായ 27 പെൺകുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. 700 ലേറെ പേർ ക്യാംപിൽ ഉണ്ടായിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്. 30 അടി വരെ ജലനിരപ്പ് ഉയർന്ന നദി ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടുന്നു. ആയിരത്തോളം പേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. പ്രസിഡന്റ് ട്രംപ് പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം വർധിച്ച ഈർപ്പമുള്ള വായു കൂടുതൽ മഴയ്ക്ക് കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide