
ചെന്നൈ: തമിഴ്നാട്ടിൽ ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന് തീപിടിച്ച അപകടം അട്ടിമറിയെന്ന് സംശയം. തീപിടുത്തമുണ്ടായതിന് 100 മീറ്റർ മാറി വിളളൽ കണ്ടെത്തി. റെയിൽവെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അപകടത്തെ കുറിച്ച് അന്വേഷണവും പുരോഗമിക്കുകയാണ്.
തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. ട്രെയിനിന്‍റെ അഞ്ച് ബോഗികളിൽ നിന്ന് തീ ആളിക്കത്തി. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നത് പ്രദേശത്ത് ആകെ ആശങ്ക ഉയര്‍ത്തുകയും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നാട്ടുകാരടക്കം പരിഭ്രാന്തിയിലാവുകയും ചെയ്തു. കത്തിപിടിച്ച പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. ഇതോടെ തീ കൂടുതൽ ഇടങ്ങളിലേക്ക് പടരാതിരിക്കാൻ കഴിഞ്ഞു. സംഭവത്തിൽ ആളപായമില്ലെന്ന് റെയില്‍വെ അറിയിച്ചു.
തിരുവള്ളൂരിലെ മണലി ഹാള്‍ട്ട് റെയില്‍വെ സ്റ്റേഷനിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ചരക്കു ട്രെയിനാണ് അപകടത്തിൽപെട്ടത്. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചിരുന്നു. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം തമിഴ്നാട് ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ നേരിട്ട് സന്ദർശിച്ചു. “പൊതുജനം തീപിടിത്തം കാണാൻ വരരുത്” എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിൽ തിരുവള്ളൂർ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളും വിവിധ സ്ഥലങ്ങളിൽ നിർത്തിയിരിക്കുകയാണ്. ആരക്കോണത്ത് നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി.