
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ കോടതി വിധി വന്നതിന് പിന്നാലെ ക്ഷേത്ര പരിപാടിയില്‍ നിന്ന് പിന്മാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തില്‍ ഉദ്ഘാടന പരിപാടിയില്‍ ഉത്സവ കൂപ്പണ്‍ വിതരണം ഉദ്ഘാടനത്തില്‍ നിന്നാണ് നടൻ പിന്മാറിയത്.
ജനുവരി 23ന് തുടങ്ങുന്ന ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ വിതരണോദ്ഘാടനവും നോട്ടീസ് പ്രകാശനവുമാണ് നാളെ വൈകിട്ട് ക്ഷേത്രാങ്കണത്തില്‍ നടക്കാനിരുന്നത്. ഈ ചടങ്ങില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റില്‍ നിന്ന് ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങാനാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. നടൻ അനൂപ് മേനോനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ വന്നതോടെയാണ് കോടതി വെറുതേ വിട്ടത്. ഇതേത്തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി ദിലീപിനെതിരെ വിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ദിലീപ് പിന്മാറിയത്. അതേസമയം, ദിലീപ് കാരണം വ്യക്തമാക്കിട്ടില്ല. നാളെയാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്.
എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ ദിലീപിനെ ക്ഷണിച്ചതിനെച്ചൊല്ലി വലിയ പ്രതിഷേധമായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും ഭിന്നതയുമുണ്ടായി. സി പി എം, സി പി ഐ അംഗങ്ങള്‍ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് ചടങ്ങ് 17ലേക്ക് മാറ്റിയത്.
Dileep withdraws from temple event amid controversies following court verdict in actress attack case.













