
ഒട്ടാവ: ദിനേശ് കെ. പട്‌നായിക് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ഔദ്യോഗികമായി ചുമതലയേറ്റു. ഖാലിസ്ഥാനി തീവ്രവാദികളെ നേരിടാന്‍ കനേഡിയന്‍ മണ്ണില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ ഇടപെടലിനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഉഭയകക്ഷി ബന്ധത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ ഇരുരാജ്യങ്ങളും നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് പട്‌നായ്കിന്റെ സ്ഥാനാരോഹണം.
ഒഡീഷയില്‍ നിന്നുള്ള പട്‌നായിക് 1990 ല്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നു. മുമ്പ് സ്‌പെയിനിലും കംബോഡിയയിലും ഇന്ത്യയുടെ അംബാസഡറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ വിദേശകാര്യ മന്ത്രാലയത്തില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടുമുണ്ട്. കല്‍ക്കട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎയും, വിയന്ന സര്‍വകലാശാലയില്‍ നിന്ന് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും, വിയന്നയിലെ ഡിപ്ലോമാറ്റിക് അക്കാദമിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
2023 സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇന്ത്യ 2024 ഒക്ടോബറിൽ കാനഡയിലെ തങ്ങളുടെ സ്ഥാനപതിയെ പിൻവലിക്കുകയും ചെയ്തിരുന്നു.പുതിയ പ്രധാനമന്ത്രിയായി കാനഡയിൽ മാർക് കാർണി അധികാരത്തിലെത്തിയതോടെ ഇന്ത്യ-കാനഡ ബന്ധം സാധാരണ നിലയിലാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നിർണ്ണായകമായൊരു ചുവടുവെപ്പാകും ദിനേഷ് കെ. പട്നായികിന്റെ നിയമനമെന്ന പ്രതീക്ഷയിലാണ് ഏവരും. പൂനം പട്‌നായിക്കാണ് ഭാര്യ. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.