പിണറായിയുടെ പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ദിവ്യ എസ് അയ്യരെന്ന് കെ. മുരളീധരന്‍; ഉത്തമ ബോധ്യത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് ദിവ്യ

തിരുവനന്തപുരം : സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യരുടെ വാക്കുകള്‍ക്ക് വിമര്‍ശനങ്ങളും ട്രോളും ഉയര്‍ന്നിരിക്കുകയാണ്. ദിവ്യ എസ് അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തെത്തിയിരുന്നു.

പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ മഹതിയെന്നായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം. ‘പിണറായി വിജയന്റെ പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുണ്ട്. ആ കൂട്ടത്തില്‍പെട്ട മഹതിയാണ് പോസ്റ്റ് ഇട്ടത്. അതിനെ അത്രയെ കാണുന്നുള്ളൂ. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും’, കെ മുരളീധരന്‍ പറഞ്ഞു.

ദിവ്യയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരീനാഥനും ദിവ്യയെ വിമര്‍ശിച്ചിരുന്നു. ദിവ്യയുടെ അഭിപ്രായം വ്യക്തിപരമെന്നും എന്നാല്‍ കുറച്ചുകൂടി അവധാനത വേണമായിരുന്നുവെന്നും ശബരീനാഥന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞിരുന്നു. ഒടുവില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യതന്നെ നേരിട്ടെത്തി.

കയ്‌പ്പേറിയ പ്രതികരണം നേരിട്ടത് ചില മനുഷ്യരുടെ നന്മകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞതിനാണെന്ന് ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്വന്തം അനുഭവത്തിലും ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് പറഞ്ഞത്. ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ചു പോകുന്നുവെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

കര്‍ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ താന്‍ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ പുകഴ്ത്തിയിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്, പ്രത്യേകിച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു ധാരാളം നിയമപരമായ സംരക്ഷണങ്ങളും അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ടെന്നും
രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് ശരിയായില്ലെന്നും നിരവധി പേരാണ് ദിവ്യയെ വിമര്‍ശിച്ചത്.

Also Read

More Stories from this section

family-dental
witywide