‘കർണ്ണന് പോലും അസൂയ തോന്നുന്ന കെകെആർ കവചം’ അഭിനന്ദനത്തിൽ യൂത്ത് കോൺഗ്രസ് വിമർശനം, എത്ര വിചിത്രമായ ലോകമെന്ന് ദിവ്യയുടെ മറുപടി

കണ്ണൂർ: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തിയതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ് അയ്യർ ഐ എ എസ് രംഗത്ത്. കയ്പ്പേറിയ പ്രതികരണം നേരിട്ടത് ചില മനുഷ്യരുടെ നന്മകൾ ലോകത്തോട് വിളിച്ചുപറഞ്ഞതിനാണെന്നാണ് ദിവ്യ എസ് അയ്യർ അഭിപ്രായപ്പെട്ടത്. സ്വന്തം അനുഭവത്തിലും ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ചുപോകുന്നുവെന്നും ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു.

നേരത്തെ ദിവ്യയുടെ പുകഴ്ത്തലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വിമർശനമുന്നയിച്ചിരുന്നു. എ കെ ജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനനടക്കമുള്ളവർ വിമർശിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജിൽ മോഹനൻ കുറ്റപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളിൽ പലരും വിമ‍ർശനവുമായി രംഗത്തെത്തിയതോടെയാണ് മറുപടിയുമായി ദിവ്യയും എത്തിയത്.

കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം!. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്! -എന്നിങ്ങനെയായിരുന്നു ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ.

More Stories from this section

family-dental
witywide