
ചെന്നൈ : കരൂരില്‍ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കെത്തിയ 38 പേര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ തമിഴക വെട്രി കഴക(ടിവികെ)ത്തിനെതിരെ ഡിഎംകെ.
10,000 പേര്‍ മാത്രമാണ് റാലിക്കെത്തുക എന്നാണ് ടിവികെയുടെ സംഘാടകര്‍ പറഞ്ഞതെന്നും എന്നാല്‍ ഒരു ലക്ഷത്തോളം പേരാണ് ഇവിടെയെത്തിയതെന്നും ഡിഎംകെ വക്താവ് സേലം ധരണീധരന്‍ ആരോപിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും ഓരോ ജീവനും നഷ്ടപ്പെട്ടതിനു കാരണക്കാരന്‍ വിജയ് ആണെന്നും അദ്ദേഹം ആരോപിച്ചു.
‘എന്തിനാണ് ഒരു നടനെ കാണാന്‍ ആളുകള്‍ അഞ്ചും ആറും മണിക്കൂര്‍ കാത്തിരിക്കുന്നത്. നാമക്കലില്‍ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ മാന്യന്‍ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ. നാമക്കലില്‍ 4 മണിക്കൂര്‍ വൈകിയാണെത്തിയത്. പൊരിവെയിലത്ത് മണിക്കൂറുകളോളം അയാളുടെ വരവും കാത്തുനിന്നതിനാലാണ് ആളുകള്‍ കുഴഞ്ഞുവീണത്. ദുരന്തമുണ്ടായപ്പോള്‍ വിജയ് ഒളിച്ചോടുകയും ചെയ്തു’- ധരണീധരന്‍ പറഞ്ഞു.
അതേസമയം, ആളുകള്‍ കൂട്ടത്തോടെ വീണതോടെ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. സ്ഥലത്തെത്തിയ ആംബുലന്‍സുകള്‍ക്ക്, കനത്ത ജനക്കൂട്ടം കാരണം പരിക്കേറ്റവരുടെ അടുത്തേക്ക് എത്താനും ആശുപത്രിയിലേക്ക് കൊണ്ടുപോകാനും തടസം നേരിട്ടത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ കരൂർ വെസ്‌റ്റ് ജില്ലാ സെക്രട്ടറി വി.പി.മതിയഴകനെതിരെ പൊലീസ് കേസെടുത്തു.