‘ഇറാനിൽ ഇനി ബോംബ് ഇടരുത്’, ഇസ്രയേലിനോട് സ്വരം കടുപ്പിച്ച് ട്രംപ്, വെടിനിർത്തൽ കരാർ ലംഘിച്ചതിൽ ഇറാനും വിമർശനം

വാഷിംഗ്‌ടൺ: ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ സ്വരം കടുപ്പിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ നടപടിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ‘വെടിനിർത്തൽ കരാറിന്റെ ആത്മാവിനെ ദുർബലപ്പെടുത്തരുത്. ഇസ്രായേൽ ഇനി ഇറാനിൽ ബോംബുകൾ ഇടരുത്’- ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ ആണവശേഷി ഇല്ലാതായെന്നും ഇരുരാജ്യങ്ങളുടെയും വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ട്രംപ് പറഞ്ഞു.

ഇസ്രായേൽ നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ സൈനിക നടപടിയ്ക്ക് ഒരുങ്ങുന്നത്. വെടിനിർത്തൽ പ്രഖ്യാപനം ഇരുരാജ്യങ്ങളും സമ്മതിച്ചതിന് രണ്ടര മണിക്കൂറിനുള്ളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇറാനിൽ നിന്നുള്ള മിസൈലുകൾ തെക്കൻ ഇസ്രായേലിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ പതിക്കുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്‌തെന്നാണ് ഇസ്രായേൽ സൈന്യം പറഞ്ഞത്.

ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിക്കാനാണ് ഇസ്രായേൽ സൈന്യത്തിന് ഭരണകൂടം നൽകിയ നിർദേശം. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്റെ ഹൃദയഭാഗത്തേക്ക് തന്നെ ആക്രമണം അഴിച്ചുവിടാനാണ് ഇസ്രയേൽ പ്രതിരോധമന്ത്രി കാറ്റ്സ് ഉത്തരവിട്ടത്. ടെഹ്‌റാൻ കുലുങ്ങുമെന്ന് ഇസ്രയേൽ ധനകാര്യ മന്ത്രി സ്മോട്റിച്ചും ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രശ്‌നത്തിൽ ഇടപെടലുമായി ട്രംപ് രംഗത്തെത്തിയത്.

Also Read

More Stories from this section

family-dental
witywide