
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ തുടരുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. അടുത്തിടെ നടന്ന ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അങ്ങേയറ്റം ഖേദകരമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച രാജ്‌ബോരി ടൗണിലെ പംഗ്ഷാ ഉപസില്ലയിൽ അമിത് മൊണ്ഡൽ എന്ന യുവാവ് ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പണം ആവശ്യപ്പെട്ടു എന്ന ആരോപണത്തെത്തുടർന്ന് പ്രദേശവാസികൾ ഇയാളെ ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ യുവാവിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട യുവാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രാദേശിക പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള അക്രമമാണിതെന്ന വിലയിരുത്തലിലാണ് ഇന്ത്യ.
ബംഗ്ലാദേശിൽ ഭരണമാറ്റത്തിന് പിന്നാലെ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായി നടക്കുന്ന അക്രമങ്ങളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഈ വിഷയം ചർച്ചയാക്കാൻ ഇന്ത്യ നീക്കം നടത്തുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.














