
ദോഹ: ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് ചരിത്ര നേട്ടം. ലീഗിൽ ജാവലിൻ ത്രോയിൽ 90 മീറ്റർ മറികടന്ന് നീരജ് രണ്ടാം സ്ഥാനത്തെത്തി. കരിയറിൽ ആദ്യമായാണ് ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ നീരജ് 90 മീറ്റർ ദൂരം താണ്ടുന്നത്. ആദ്യ തവണ ജാവലിൻ എറിഞ്ഞപ്പോൾ 88.4 മീറ്റർ ദൂരമാണ് നീരജിന് നേടാനായത്. എന്നാൽ മൂന്നാം ശ്രമത്തിൽ 90.23 മീറ്റർ ദൂരം നേടി. ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ താരവും ലോകത്തെ ഇരുപത്തിയഞ്ചാം താരവുമാണ് നീരജ് ചോപ്ര.
കരിയറിലെ സ്വപ്ന നേട്ടം സ്വന്തമാക്കിയെങ്കിലും ജർമൻ താരം ജൂലിയൻ വെബർക്ക് മുന്നിൽ നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം ശ്രമത്തിൽ 91.06 മീറ്റർ ദൂരത്തിലേക്ക് ജാവലിൻ പായിച്ചാണ് വെബർ ഒന്നാമതെത്തിയത്. 85.64 മീറ്റർ എറിഞ്ഞ ആൻഡേഴ്സൺ പീറ്റേഴ്‌സ് ആണ് മൂന്നാം സ്ഥാനത്ത്.