ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് പദത്തിലേറി നാല് ദിവസം പിന്നിടുമ്പോൾ വിവാദ തീരുമാനങ്ങളും ഞെട്ടിക്കുന്ന നടപടികളുമായാണ് ഡോണൾഡ് ട്രംപ് മുന്നോട്ട് പോകുന്നത്. കുടിയേറ്റക്കാരെ നാടുകടത്തുന്നത് മുതൽ ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റമടക്കമുള്ള തീരുമാനങ്ങളാണ് ആദ്യ ദിനത്തിൽ കൈക്കൊണ്ടതെങ്കിൽ, ട്രംപിന്‍റെ ഏറ്റവും പുതിയ തീരുമാനം ഇസ്രയേൽ ഒഴികെയുള്ള ലോക രാജ്യങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും വലിയ തിരിച്ചടിയാകുന്നത്. എല്ലാ വിദേശ ധനസഹായവും മരവിപ്പിച്ചുകൊണ്ടാണ് ഡോണൾഡ് ട്രംപ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഇസ്രയേലിനുള്ള പ്രതിരോധ സഹായം മാത്രമാകും തുടരുക.
വിദേശ ധന സഹായങ്ങൾ 90 ദിവസത്തേയ്ക്ക് മരവിപ്പിച്ചാണ് ട്രംപ് ഉത്തരവിറക്കിയത്. വിവിധ രാജ്യങ്ങൾക്കു നൽകുന്ന വികസന സഹായം, ദരിദ്ര രാജ്യങ്ങൾക്കുള്ള സന്നദ്ധ സഹായം, സഖ്യരാജ്യങ്ങൾക്ക് നൽകുന്ന സൈനിക സഹായം എന്നിവ അടക്കം മരവിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വർഷം അമേരിക്ക മറ്റ് രാജ്യങ്ങൾക്ക് സഹായമായി നൽകുന്നത്.
ഇത് പൂർണമായി നിലയ്ക്കുന്നത് പല ദരിദ്ര, വികസ്വര രാജ്യങ്ങളേയും ബാധിക്കും. 90 ദിവസത്തിന് ശേഷം അർഹരായവർക്ക് മാത്രം സഹായം പുനഃസ്ഥാപിക്കും എന്നാണ് ട്രംപിന്റെ നിലപാട്. ഇതും ആശങ്ക ഉയർത്തുന്നതാണ്.











