
വാഷിംഗ്ടൺ : അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്കും ഫർണിച്ചറുകൾക്കും വൻതോതിൽ തീരുവ (Tariffs) ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മരുന്നുകൾ മുതൽ ട്രക്കുകൾ വരെയുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് ട്രംപ് തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ, ഫർണിച്ചർ മേഖലകളെ ലക്ഷ്യമിട്ടുള്ള പുതിയ പ്രഖ്യാപനം.
വിദേശത്ത് നിർമ്മിക്കുന്ന ‘എല്ലാ സിനിമകൾക്കും’ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. “നമ്മുടെ സിനിമാ നിർമ്മാണ ബിസിനസ്സ് മറ്റ് രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് കൊണ്ടുപോവുകയാണ്, ഒരു കുട്ടിയുടെ കയ്യിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെഎന്നും അദ്ദേഹം പറഞ്ഞു. കാലിഫോർണിയയിലെ ദുർബലനും കഴിവില്ലാത്തവനുമായ ഗവർണർ കാരണം ഈ മേഖല കനത്ത പ്രഹരം നേരിട്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിന് പുറമെ, മറ്റ് രാജ്യങ്ങളിൽ നിർമ്മിക്കുന്ന ഫർണിച്ചറുകൾക്കും കാര്യമായ തീരുവ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. നോർത്ത് കരോലിനയിലെ ഫർണിച്ചർ വ്യവസായം ചൈന പോലുള്ള രാജ്യങ്ങളിലേക്ക് പൂർണ്ണമായി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടിയെന്നും, നോർത്ത് കരോലിനയെ വീണ്ടും മഹത്തരമാക്കാനാണ് ഈ തീരുമാനമെന്നും ട്രംപ് വിശദീകരിച്ചു. രാജ്യത്തിനകത്ത് നിർമ്മാണം നടത്തുന്ന കമ്പനികൾക്ക് മാത്രമേ ഇനി യുഎസിൽ പ്രവർത്തിക്കാൻ കഴിയൂ എന്ന സൂചന നൽകുന്നതാണ് ട്രംപിൻ്റെ ഈ പുതിയ സാമ്പത്തിക നയങ്ങൾ.