ഡോണാൾഡ് ട്രംപ് ജൂനിയർ തന്റെ പിതാവ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ക്രിസ്മസ് സ്വീകരണം അപ്രതീക്ഷിതമായ ഒരു വിവാഹനിശ്ചയ ആഘോഷമാക്കി മാറ്റി. താൻ ഇനി ‘സിംഗിൾ’ അല്ലെന്ന് അദ്ദേഹം തിങ്കളാഴ്ച രാത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
47 വയസുകാരനായ ട്രംപ് ജൂനിയർ, പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ തന്നെ മോഡലും സോഷ്യലൈറ്റുമായ ബെറ്റിന ആൻഡേഴ്‌സണുമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ചു. “അതെ, അവൾ സമ്മതിച്ചു,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
“എനിക്ക് വാക്കുകൾ കിട്ടാതെ പോകുന്നത് അപൂർവമാണ്. സാധാരണയായി ഞങ്ങൾ സംസാരത്തിൽ മുന്നിലാണ്,” ട്രംപ് ജൂനിയർ പറഞ്ഞു. തുടർന്ന് വിവാഹാഭ്യർത്ഥന സ്വീകരിച്ചതിന് ആൻഡേഴ്‌സണിനോട് നന്ദി അറിയിക്കുകയും, പ്രൊപ്പോസ് ചെയ്യുമ്പോഴുള്ള തന്റെ ആശങ്കയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
“അവിടെ പോയി ചോദിക്കുമ്പോൾ അവളുടെ മറുപടി എന്തായിരിക്കും എന്ന ആശങ്ക എപ്പോഴും ഉണ്ടാകും. അത് കുറച്ച് ബുദ്ധിമുട്ടുള്ള നിമിഷമാണ്. പക്ഷേ അവൾ ‘അതെ’ പറഞ്ഞു. വർഷാവസാനത്തിലെ വലിയ വിജയം തന്നെയാണത്,” എന്നും ട്രംപ് ജൂനിയർ പറഞ്ഞു.
2024 സെപ്റ്റംബറിലാണ് 38 വയസുകാരിയായ ബെറ്റിന ആൻഡേഴ്‌സണുമായി ട്രംപ് ജൂനിയർ ആദ്യമായി ബന്ധത്തിലാക്കുന്നത്. കിംബർലി ഗിൽഫോയിലുമായുള്ള വിവാഹനിശ്ചയം അവസാനിപ്പിച്ചതിന് ശേഷമുള്ള മാസങ്ങളിലായിരുന്നു ഇത്. 2005ൽ ട്രംപ് ജൂനിയർ മോഡലായ വനെസ്സ കെയ് ഹെയ്ഡണിനെ വിവാഹം കഴിച്ചിരുന്നു. ഇരുവർക്കും അഞ്ച് മക്കളുണ്ട്. 2018 അവസാനം ഇരുവരും വിവാഹമോചിതരായി.
ചടങ്ങിൽ ആൻഡേഴ്‌സൺ ചുരുക്കമായി സംസാരിച്ചു. ക്രിസ്മസ് അലങ്കാരങ്ങൾക്ക് ഫസ്റ്റ് ലേഡി മെലാനിയ ട്രംപിന് നന്ദി പറഞ്ഞ അവർ, “ഈ അലങ്കാരങ്ങൾ അതിമനോഹരമല്ലേ? വിശ്വസിക്കാനാവാത്തത്,” എന്ന് പറഞ്ഞു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത വാരാന്ത്യമാണ്. ഞാൻ എന്റെ ജീവിതത്തിലെ പ്രണയത്തെയാണു വിവാഹം കഴിക്കാൻ പോകുന്നത്. ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെൺകുട്ടിയെന്നു തോന്നുന്നു. എല്ലാവർക്കും നന്ദി എന്നും ആൻഡേഴ്‌സൺ കൂട്ടിച്ചേർത്തു.
Donald Trump Jr. turns Trump’s White House Christmas reception into a surprise engagement celebration











