
ന്യൂഡല്‍ഹി: ഗാസ സമാധാന കരാറിനായി ഈജിപ്തില്‍ നടന്ന ഷാം എല്‍-ഷെയ്ക്ക് ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയെ പ്രശംസിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തു. മോദിയെ ‘വളരെ നല്ല സുഹൃത്ത്’ എന്നാണ് ട്രംപ് വിളിച്ചത്. ഗാസയില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവെച്ചതിന് ശേഷമാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
ഇന്ത്യയേയും പാക്കിസ്ഥാനെയും പരാമര്‍ശിച്ചായിരുന്നു ട്രംപ് സംസാരിച്ചത്. ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുന്നുവെന്നും ഒരുമിച്ച് നീങ്ങാന്‍ പോകുന്നുവെന്നുപോലും ട്രംപ് ഈജിപ്തിലെ വേദിയില്‍ പറഞ്ഞു. ‘എന്റെ വളരെ നല്ല സുഹൃത്താണ് ഇന്ത്യയുടെ തലപ്പത്തുള്ളത്. ഇന്ത്യ ഒരു മികച്ച രാജ്യമാണ്, അദ്ദേഹം ഇപ്പോള്‍ അതിശയകരമായ ഒരു ജോലി ചെയ്തു,’ ട്രംപ് പറഞ്ഞു. ‘പാകിസ്ഥാനും ഇന്ത്യയും വളരെ നന്നായി ഒരുമിച്ച് ജീവിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതുന്നു. ഇത് രണ്ട് ആണവായുധ അയല്‍ക്കാര്‍ തമ്മിലുള്ള ഭാവി ബന്ധങ്ങള്‍ക്കുള്ള ശുഭാപ്തിവിശ്വാസത്തെ സൂചിപ്പിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപും പ്രധാനമന്ത്രി മോദിയും തമ്മില്‍ അടുത്തിടെ നടത്തിയ ഒരു ഫോണ്‍ കോളിന് ശേഷമാണ് ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ വന്നത്. ഗാസ സമാധാന പദ്ധതിയുടെ വിജയത്തില്‍ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റിനെ അഭിനന്ദിച്ചിരുന്നു. വ്യാപാര ചര്‍ച്ചകളിലെ പുരോഗതിയെക്കുറിച്ചും പ്രധാനനമന്ത്രി എക്‌സിലൂടെ അറിയിച്ചിരുന്നു.
‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കുകയും ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. വ്യാപാര ചര്‍ച്ചകളില്‍ കൈവരിച്ച നല്ല പുരോഗതിയും അവലോകനം ചെയ്തു. വരും ആഴ്ചകളില്‍ അടുത്ത ബന്ധം പുലര്‍ത്താന്‍ സമ്മതിച്ചു,’ പ്രധാനമന്ത്രി മോദി എക്സില്‍ പോസ്റ്റ് ചെയ്തതിങ്ങനെ. ഒരു മാസത്തിനുള്ളില്‍ ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ സംഭാഷണമായിരുന്നു ഇത്.
അതേസമയം, ഉച്ചകോടിയിലേക്ക് ട്രംപ് ക്ഷണിച്ചിട്ടും മോദി പങ്കെടുത്തിരുന്നില്ല.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയും മോദിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി വേദി പങ്കിടുന്നത് ഒഴിവാക്കാനാണ് മോദി വിട്ടുനിന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ തന്റെ പ്രസംഗത്തിനിടെ പാക് പ്രധാനമന്ത്രിയോട് എന്തെങ്കിലും പറയാനുണ്ടോയെന്നും നിങ്ങള്‍ കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞത് ഇവിടെ പറയൂ എന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതോടെ പാക് പ്രധാനമന്ത്രി ട്രംപിനെ വാനോളം പുകഴ്ത്തി.
സമാധാന പ്രക്രിയയില്‍ ട്രംപിന്റെ പങ്കിനെ പ്രധാനമന്ത്രി ഷെരീഫ് പ്രശംസിച്ചു, അദ്ദേഹത്തെ ‘സമാധാനത്തിന്റെ മനുഷ്യന്‍’ എന്ന് വിളിച്ചു. ‘സമകാലിക ചരിത്രത്തിലെ ഏറ്റവും മഹത്തായ ദിവസങ്ങളിലൊന്നാണിതെന്ന് ഞാന്‍ പറയും, കാരണം അക്ഷീണ പരിശ്രമത്തിലൂടെയാണ് സമാധാനം നേടിയത്. ഈ ലോകത്തെ സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കാന്‍ പറ്റിയ സ്ഥലമാക്കി മാറ്റാന്‍ ഈ മാസങ്ങളില്‍, പകല്‍ മുഴുവന്‍ അക്ഷീണം പ്രവര്‍ത്തിച്ച, യഥാര്‍ത്ഥത്തില്‍ സമാധാനത്തിന്റെ ആരാധകനായ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍.’- ഷെരീഫിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.