
റിയാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയിൽ. റിയാദിൽ സൗദി കിരീടാവകാശി നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഗസ്സയിലെ വെടിനിർത്തൽ ഉൾപ്പെടെ ചർച്ചചെയ്യാനും പ്രഖ്യാപനങ്ങൾ നടത്താനുമാണ് ട്രംപ് എത്തിയത്. ബുധനാഴ്ച ഗൾഫ് രാഷ്ട്ര നേതാക്കൾ സംബന്ധിക്കുന്ന ഉച്ചകോടിയിൽ ഗസ്സയിലെ വെടിനിർത്തലും ഭാവിഭരണവുമായും ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തേക്കും. നെതന്യാഹുവുമായുള്ള ഭിന്നതകൾക്കിടെയാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ഗസ്സയിലെ വെടിനിർത്തലും തുടർഭരണവും സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ട്രംപിന്റെ സൗദി സന്ദർശനത്തിലുണ്ടാകും. ഇറാൻ, സിറിയ വിഷയങ്ങളിലെ നിലപാടും സൗദിയുമായുള്ള വൻകിട ആയുധ ഇടപാടുകളും ട്രംപ് പ്രഖ്യാപിച്ചേക്കും.
ഡോണൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം സൗദിയും യുഎസും സഹകരണ കരാറുകൾ ഒപ്പിടും. സൗദിക്ക് പ്രതിരോധ രംഗത്ത് 100 ബില്യന്റെ ആയുധ പാക്കേജാണ് ലഭിക്കുക. ആണവ സഹകരണം സംബന്ധിച്ചും ധാരണയിലെത്തും.യുഎസിനുള്ള ട്രില്യൺ ഡോളർ നിക്ഷേപം സൗദിയും പ്രഖ്യാപിക്കും. കരാർ ഒപ്പിട്ട ശേഷം ഇരുവരും നിക്ഷേപ ഫോറത്തിൽ പങ്കെടുക്കും.