പാകിസ്ഥാന് വമ്പൻ തിരിച്ചടി, പ്രത്യേക ഉത്തരവിറക്കി ട്രംപ്! അമേരിക്ക നൽകിവന്ന സഹായങ്ങളെല്ലാം നിര്‍ത്തിവെച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന് വമ്പൻ തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ഉത്തരവ്. പാകിസ്ഥാന് നൽകിവന്നിരുന്ന സഹായങ്ങൾ താത്ക്കാലികമായി നിര്‍ത്തിവച്ചെന്നാണ് ഡോണള്‍ഡ് ട്രംപ് പ്രത്യേക ഉത്തരവിലൂടെ അറിയിച്ചത്. സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനുള്ള അംബാസഡര്‍ ഫണ്ട് (എ എഫ് സി പി) ഉള്‍പ്പെടെയുള്ള യു എസ് എ ഐ ഡി (യുണൈറ്റഡ് സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ്) പദ്ധതികളാണ് നിര്‍ത്തിവച്ചത്. തുടര്‍ നടപടികള്‍ ഏത് രൂപത്തില്‍ വേണമെന്നത് പുനരവലോകനത്തിനു ശേഷം തീരുമാനിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, മ്യൂസിയം ശേഖരങ്ങള്‍, തദ്ദേശ ഭാഷകളും കരകൗശല വസ്തുക്കളും ഉള്‍പ്പെടെ ലോകമാസകലമുള്ള പരമ്പരാഗത സാംസ്‌കാരിക നിര്‍മിതികളെ സംരക്ഷിക്കാനുള്ള സഹായമാണ് എ എഫ് സി പി ഫണ്ട്.

ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് പദ്ധതികളെയും സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട നാല് പദ്ധതികളെയും പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ആരോഗ്യം, കൃഷി, വരുമാനം, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, ഭരണനിര്‍വഹണത്തിനുള്ള ഫണ്ടുകള്‍ തുടങ്ങിയവയ്ക്കും ട്രംപിന്റെ ഉത്തരവ് തിരിച്ചടിയാകും. പദ്ധതികളില്‍ ചിലതെങ്കിലും പൂര്‍ണമായി ഉപേക്ഷിക്കുകയോ ഗണ്യമായി വെട്ടിച്ചുരുക്കുകയോ വേണ്ടിവരുമെന്ന ആശങ്ക ശക്തമാണ്.

അതേസമയം, എത്രമാത്രം വാര്‍ഷിക സഹായമാണ് അമേരിക്ക പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്നതെന്നോ പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന പദ്ധതികളുടെ മൊത്തം മൂല്യം എത്രയാണെന്നതോ സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം പുതിയ സംഭവവികാസം സ്ഥിരീകരിക്കാനോ സഹായം നിര്‍ത്തിക്കൊണ്ടുള്ള ട്രംപിന്റെ നടപടികളെ കുറിച്ച് പ്രതികരിക്കാനോ പാക്കിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

More Stories from this section

family-dental
witywide