
വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് വൻസുരക്ഷ. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കം പുരോഗമിക്കുകയാണ്. ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സുരക്ഷയാണ് ഒരുക്കുന്നത്. പഴുതടച്ച സുരക്ഷയ്ക്ക് നടുവിലാകും തിങ്കളാഴ്ച ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക.
നാല് വര്‍ഷം മുമ്പ് ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ക്യാപിറ്റോള്‍ ഹില്ലിനുനേരെ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണവും മാസങ്ങള്‍ക്ക് മുമ്പ് ട്രംപിനുനേരെ ഉണ്ടായ വധശ്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയൊരുക്കുന്നത്.
വാഷിങ്ടണ്‍ ഡി.സിയില്‍ 48 കിലോമീറ്റര്‍ നീളത്തില്‍ വേലി കെട്ടിയുയര്‍ത്തി. ഏഴടി ഉയരത്തിലാണ് വേലി. ക്യാപിറ്റോള്‍ ഹില്‍ മുതല്‍ വൈറ്റ് ഹൗസ് വരെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള എല്ലാ തെരുവുകളും ഇതിനകം അടച്ചുപൂട്ടി. 7,800 സൈനികരെയാണ് സുരക്ഷയ്ക്കായി തലസ്ഥാനത്ത് വിന്യസിച്ചത്. രാജ്യമെമ്പാടുനിന്നുമുള്ള 25,000 പോലീസ് ഉദ്യോഗസ്ഥരും എത്തി.
donald trump president inauguration ceremony security