അവിടെ കോടതിയുടെ വിലക്ക്, ഇവിടെ പ്രസിഡന്‍റിന്‍റെ പ്രശംസ! മസ്കിന്‍റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ട്രംപ്

ന്യൂയോർക്ക്: ശതകോടീശ്വരനും ടെസ്‍ല സി ഇ ഒയുമായ ഇലോൺ മസ്കിന്‍റെ അമേരിക്കൻ സ‍ർക്കാരിലെ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രസിഡന്റ് ട്രംപ് രംഗത്ത്. മസ്‌ക്കും ഡോജ് ടീമും മികച്ചതെന്നാണ് ട്രംപിന്‍റെ പ്രശംസ. മസ്കിന്‍റെ പ്രവർത്തനങ്ങൾ കോടതി വിലക്കിയ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഒന്നും നേടാനില്ലാതെയാണ് അമേരിക്കൻ സർക്കാരിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും മസ്‌ക്ക് പ്രവർത്തിക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

യുഎസ് ഗവൺമെന്റ് ജോലികൾ നീക്കം ചെയ്യുന്നതിന് നേതൃത്വം നൽകുന്ന എലോൺ മസ്‌ക്, ഫെഡറൽ ഏജൻസികളിലെ “നൂറുകണക്കിന് ബില്യൺ ഡോളറിന്റെ തട്ടിപ്പ്” കണ്ടെത്താൻ സഹായിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. എലോൺ മസ്കിനെ താൻ വിശ്വസിക്കുന്നുവെന്നും യുഎസ് സൈന്യത്തിനുള്ളിൽ കോടിക്കണക്കിന് ഡോളറിന്റെ “വഞ്ചനയും ദുരുപയോഗവും” അന്വേഷിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.

മസ്കിന്റെ വിലക്ക് ഇങ്ങനെ

അമേരിക്കൻ ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിലാണ് ഇലോൺ മസ്കിനും ഡോജ് സംഘത്തിനും കോടതി വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ കോടതി മസ്കിനും ഡോജ് സംഘത്തിനും താത്കാലിക വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും, ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്. ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ശേഖരിച്ച വിവരങ്ങൾ ഉടൻ നശിപ്പിക്കാനും മസ്കിനും ഡോജ് സംഘത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide