
ന്യൂയോർക്ക്: യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പകരത്തിനു പകരം തീരുവ പ്രഖ്യാപനം എന്താകുമെന്നറിയാൻ ഉറ്റുനോക്കി ലോകം. ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെ) വൈറ്റ് ഹൗസിലായിരിക്കും ട്രംപിന്‍റെ പകര തീരുവ പ്രഖ്യാപനം. ലോകത്തെ തുറന്ന തീരുവ യുദ്ധത്തിലേക്ക് തള്ളിവിടുന്നതാകുമോ ട്രംപിന്‍റെ പ്രഖ്യാപനമെന്ന ആശങ്കയിലാണ് ആഗോള വിപണി. അമേരിക്കയുടെ വിമോചന ദിനമെന്നാണ് തീരുവ പ്രഖ്യാപനത്തിന് മുന്നോടിയായി ട്രംപിന്‍റെ പ്രതികരണം. അതുകൊണ്ടുതന്നെ കടുത്ത പ്രഖ്യാപനങ്ങൾക്കുള്ള സാധ്യതയാണുള്ളതെന്നാണ് വിലയിരുത്തലുകൾ.
പുതിയ തീരുവകൾ ട്രംപ് പ്രഖ്യാപിച്ചാലുടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങൾക്കുമെതിരെ കുറഞ്ഞത് 20 ശതമാനം തീരുവ വരാനാണ് സാധ്യത. അതേസമയം അമേരിക്കയുടെ ഇറക്കുമതി തീരുവപ്രഖ്യാപനം വ്യാഴാഴ്ച ഇന്ത്യൻ സമയം പുലര്‍ച്ചെ നാലുമണിക്ക് വരാനിരിക്കെ കരുതലോടെയാണ് ഇന്ത്യൻ ഓഹരി വിപണി ബുധനാഴ്ച മുന്നേറിയത്.
നേട്ടത്തോടെയാണ് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 500 ഉം നിഫ്റ്റി 125 ഉം പോയിൻ്റ് വരെ ഉയർന്നു. അമേരിക്കന്‍ സാമ്പത്തിക മാന്ദ്യത്തിൽ ഇന്നലെ തകര്‍ന്ന നിഫ്റ്റി ഐ ടി ഇന്ന് കരകയറി. ബാങ്ക് നിഫ്റ്റിയും മെച്ചപെട്ട നിലയിലാണ്. തീരുവ ചുമത്തിയാല്‍ ഇന്ത്യന്‍ വിപണിയില്‍ നാളെയാകും മാറ്റമുണ്ടാവുക. അതേസമയം രൂപയുടെ മൂല്യം ഇടിയുകയാണ്. 20 പൈസവരെ ഇന്ന് ഇടിഞ്ഞിരുന്നു. ഒരു ഡോളറിന് 85 രുപ 59 പൈസ എന്ന നിലയിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.