2018-ലെ ഫ്ലോറിഡയിലെ പാർക്ക്ലാൻഡ് സ്കൂളിൽ നടന്ന വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട ഡോണോവൻ ജോഷ്വ ലീ മെറ്റയർ (26) അന്തരിച്ചു. ദീർഘകാല മാനസികാരോഗ്യ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം അറിയിച്ചു. വെടിവെപ്പിന് പിന്നാലെ ആരംഭിച്ച മാനസികാരോഗ്യ പ്രശ്നങ്ങളുമായി ഏഴ് വർഷമായി ഡോണോവൻ പോരാടുകയായിരുന്നുവെന്ന് സഹോദരി നാൻസി മെറ്റയർ ബോവൻ ഫേസ്ബുക്കിൽ കുറിച്ചു. സഹോദരന്റെ ഓർമ്മയ്ക്കായി ആരംഭിച്ച ഗോഫണ്ട്മി പേജിന്റെ ലിങ്കും അവർ പങ്കുവെച്ചു.
ഗോഫണ്ട്മി പേജിൽ ‘ഡോണി’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെട്ട ഡോണോവനെ “ബുദ്ധിയിലും സ്നേഹത്തിലും മികവുറ്റ, എല്ലാവരെയും ആകർഷിക്കുന്ന കുട്ടി” എന്നാണ് വിശേഷിപ്പിക്കുന്നത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഡോണോവന്റെ ജീവിതത്തെ സ്കൂളിൽ നടന്ന വെടിവെപ്പ് ആഴത്തിൽ ബാധിച്ചുവെന്നും, സഹപാഠികളുടെ നഷ്ടവും ആ ദിവസത്തെ മാനസികാഘാതവും ബിരുദാനന്തരകാലത്തും തുടർന്നുവെന്നും പേജിൽ പറയുന്നു.
വെടിവെപ്പിന് ശേഷം ഡോണോവൻ ഒറ്റപ്പെടാൻ തുടങ്ങി. വിഷാദം, കുറ്റബോധം, മാനസിക അസ്ഥിരത തുടങ്ങിയവ വർധിച്ചുവെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം വർഷങ്ങളോളം വിവിധ ചികിത്സകളും ആശുപത്രിവാസങ്ങളും വേണ്ടിവന്നതായും പറയുന്നു. 2021-ൽ മാനസികാരോഗ്യ പ്രശ്നത്തെ തുടർന്ന് ഫ്ലോറിഡയിലെ നിയമപ്രകാരം ഡോണോവന് അടിയന്തര ചികിത്സ ലഭിച്ചിരുന്നു. പിന്നീട് ഹെൻഡേഴ്സൺ ക്ലിനിക്കും സ്വകാര്യ മനോരോഗവിദഗ്ധനും ചേർന്ന് നടത്തിയ ചികിത്സ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷ നൽകിയെന്നും കുടുംബം പറയുന്നു.
ഡോണോവന്റെ വിടവ് നമ്മുടെ യുവതലമുറയെ ബാധിക്കുന്ന മാനസികാരോഗ്യ പ്രതിസന്ധിയുടെയും വെടിവെപ്പുകളുടെ ദീർഘകാല ആഘാതത്തിന്റെയും ഓർമ്മപ്പെടുത്തലാണ്. അവന്റെ ജീവിതം ചെറുതായിരുന്നെങ്കിലും, അവന്റെ സ്വാധീനം ദീർഘകാലം നിലനിൽക്കുമെന്നും എന്ന് ഗോഫണ്ട്മി പ്രസ്താവനയിൽ പറയുന്നു. ഡോണോവന്റെ അനുസ്മരണ ചടങ്ങുകൾക്കും ഫ്ലോറിഡയിൽ മാനസികാരോഗ്യ സഹായം ലഭ്യമാക്കുന്ന പദ്ധതികൾക്കുമായി ഗോഫണ്ട്മി വഴി ധനസമാഹരണം നടത്തുകയാണ്. ഹെൻഡേഴ്സൺ ക്ലിനിക്കിൽ ചികിത്സയും പിന്തുണയും നൽകുന്ന പ്രത്യേക ഫണ്ട് രൂപീകരിക്കാനും ഈ തുക ഉപയോഗിക്കുമെന്ന് കുടുംബം അറിയിച്ചു.
പാർക്ക്ലാൻഡ് മജോരിറ്റി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലെ സീനിയർ വിദ്യാർത്ഥിയായിരുന്നു ഡോണോവൻ. ആ വെടിവെപ്പിൽ 17 വിദ്യാർത്ഥികളും അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് (ക്രൂസ് (19) എന്ന വിദ്യാർഥിയാണ് വെടിവെച്ചത്. തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. വെടിശബ്ദം ഉയർന്നതോടെ അധ്യാപകരും വിദ്യാർഥികളും ചിതറിയോടി. 12 പേർ സ്‌കൂളിനുള്ളിലും മൂന്നു പേർ പുറത്തും രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്. സ്കൂളിന് പുറത്ത് വെച്ച് മൂന്നുപേരെ വെടിവെച്ച ശേഷമാണ് സ്കൂളിനുള്ളിലേക്ക് കടന്ന് മറ്റ് 12 പേരെക്കൂടി വെടിവെച്ചത്.
Donovan Joshua Leigh Metayer, a survivor of the 2018 Parkland school shooting, has died by suicide













