
കാലിഫോര്‍ണിയ: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനായി രൂപ കല്‍പ്പന ചെയ്തിരിക്കുന്ന വ്യാജ വിപിഎന്‍ ആപ്പുകളും എക്സ്റ്റന്‍ഷനുകളും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് ടെക് ഭീമന്‍ ഗൂഗിള്‍.
നിരവധി സൗജന്യ വിപിഎന്‍ ആപ്പുകള്‍ ഉപയോക്തൃ ഡാറ്റ ലോഗ് ചെയ്യുകയും ട്രാക്കറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വ്യാജ അവലോകനങ്ങള്‍ ഉപയോഗിച്ച് അവരുടെ റാങ്കിംഗ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും, മാല്‍വെയര്‍ പ്രചരിപ്പിക്കാന്‍ തട്ടിപ്പ് ഗ്രൂപ്പുകള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നുമാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.
വ്യജമെന്നുപോലും തോന്നാത്ത രീതിയില്‍ യഥാര്‍ഥ ബ്രാന്‍ഡുകളായി സ്വയം അവതരിപ്പിക്കുന്നുണ്ട് ഇവയെന്നും ഉപയോക്താക്കളെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനായി അവര്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ ട്രെന്‍ഡിംഗ് ഇവന്റുകളിലേക്കുള്ള ലിങ്കുകളോ ഉപയോഗിക്കുന്നുവെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു.
ഇവ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, വിവരങ്ങള്‍ മോഷ്ടിക്കുന്ന വൈറസുകള്‍, റിമോട്ട് ആക്സസ് ടൂളുകള്‍, ബാങ്ക് വിശദാംശങ്ങള്‍ മോഷ്ടിക്കുന്ന സോഫ്റ്റ്വെയര്‍ തുടങ്ങിയ അപകടകരമായ മാല്‍വെയര്‍ അവര്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഇവ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ബ്രൗസിംഗ് ഡാറ്റ, സന്ദേശങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍, ക്രിപ്റ്റോ വാലറ്റുകള്‍ എന്നിവയിലേക്ക് ആക്സസ് നല്‍കും. വ്യാജ വിപിഎന്‍ ആപ്പുകള്‍ അനാവശ്യമായ അനുമതികള്‍ ഉപയോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നു. ഇതിലൂടെ നിങ്ങള്‍ക്കിതിനെ എളുപ്പമായി തിരിച്ചറിയാം. ഈ ആപ്പുകള്‍ക്ക് പലപ്പോഴും വ്യക്തതയില്ലാത്ത സ്വകാര്യതാ നയങ്ങള്‍ ആണുള്ളത്.
Don’t ignore Google’s warning about fake VPN apps.
















