
അബുജ: നൈജീരിയയിലെ ക്രിസ്ത്യാനികള്‍ ദുരിതത്തിലാണെന്നും അവരെ രക്ഷിക്കാന്‍ സൈനിക നടപടിയെടുക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു. ഇസ്ലാമിക തീവ്രവാദികളെ നേരിടാന്‍ അമേരിക്കയുടെ സഹായം സ്വീകരിക്കാമെന്നും എന്നാല്‍, തങ്ങളുടെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മതപരമായി അസഹിഷ്ണുതയുള്ള രാജ്യമായി നൈജീരിയയെ ചിത്രീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
നൈജീരിയയിലെ ‘ഇസ്ലാം തീവ്രവാദികള്‍ കൂട്ടക്കൊല നടത്തുന്നു’ എന്നും ‘ക്രിസ്തുമതം വലിയ ഭീഷണി നേരിടുന്നു’ എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിരുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികളെ കൊല്ലുന്നത് നിര്‍ത്താന്‍ നൈജീരിയ തയ്യാറായില്ലെങ്കില്‍ വേഗത്തില്‍ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതുവലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. പിന്നാലെയാണ് നൈജീരിയന്‍ ഭരണകൂടം പ്രതികരണവുമായി എത്തിയത്.
ഇതിന് മറുപടിയായാണ് നൈജീരിയയുടെ പ്രതികരണം. ‘നൈജീരിയ മതസൗഹാര്‍ദ്ദം ഇല്ലാത്ത രാജ്യമാണെന്നുള്ള പരാമര്‍ശം യാഥാര്‍ത്ഥ്യവുമായി യോജിക്കുന്നില്ല. എല്ലാ നൈജീരിയക്കാര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഇത് പരിഗണിക്കുന്നില്ല,’ പ്രസിഡന്റ്’ ടിനുബു ഒരു പ്രസ്താവനയില്‍ പറഞ്ഞു.
‘അമേരിക്കയുടെ സഹായം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍, അത് ഞങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തികളെ മാനിക്കണം,’ നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബുവിന്റെ ഉപദേഷ്ടാവ് ഡാനിയല്‍ ബ്വാല റോയിട്ടേഴ്‌സിനോട് പറഞ്ഞു.
Don’t portray Nigeria as a religiously intolerant country – Nigerian President responds to Trump














