
ഓസ്കറിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് മത്സരിക്കാൻ ഡോ. ബിജു ചിത്രം പപ്പ ബുക്ക തെരഞ്ഞെടുത്തു. വെയിൽമരങ്ങൾ, പേരറിയാത്തവർ, അദൃശ്യ ജാലകങ്ങൾ തുടങ്ങി നിരവധി അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധേയമായ ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ ഡോ . ബിജുവിന്റെ സംവിധാനത്തിൽ പിറന്ന ചിത്രമാണിത്. ഓസ്‌കറിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്ന ഒരു പസഫിക് രാഷ്ട്രത്തിന്റെ ചിത്രം എന്ന പ്രത്യേകതയും പപ്പ ബുക്കയ്ക്കുണ്ട്.
ചരിത്രത്തില്‍ ആദ്യമായാണ് പപ്പുവ ന്യൂ ഗിനി ഓസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് പാപുവ ന്യൂഗിനിയിലെ ഗോത്രവംശജനായ 85 കാരൻ സിനെ ബൊബോറൊ ആണ്. ഇന്ത്യയില്‍നിന്നു പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി, മലയാളി നടന്‍ പ്രകാശ് ബാരെ (സിലിക്കന്‍ മീഡിയ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
പപ്പുവ ന്യൂ ഗിനിയുടെ ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. പപ്പുവ ന്യൂ ഗിനിയുടെ ടൂറിസം- കൾച്ചറൽ മിനിസ്റ്റർ ബെൽഡൺ നോർമൻ നമഹ്, പപ്പുവ ന്യൂ ഗിനി നാഷണല്‍ കള്‍ച്ചറല്‍ കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട , പപ്പുവ ന്യൂ ഗിനി ഓസ്കാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവര്‍ ആണ് സിനിമ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. മൂന്നു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ഡോ. ബിജുവിന്റെ ചിത്രങ്ങൾ പലവട്ടം രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പപ്പുവ ന്യൂ ഗിനിയിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയിൽ പപ്പുവ ന്യൂ ഗിനിയൻ ഭാഷയായ ടോക് പിസിലാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്നു തവണ ഗ്രാമി പുരസ്‌കാരം ലഭിച്ചിട്ടുള്ള റിക്കി കേജാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം.