
ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) ആദ്യ പ്രസിഡന്റും നോർക്ക ഡയറക്ടറുമായിരുന്ന പ്രമുഖ വ്യവസായി ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. 1983 ൽ കെ ആർ നാരായണൻ അംബാസഡറായിരിക്കെയാണ് വടക്കൻ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ ഫൊക്കാനയ്ക്ക് അനിരുദ്ധന്‍റെ നേതൃത്വത്തിൽ രൂപം നൽകിയത്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയിൽ തുടർന്ന അനിരുദ്ധൻ, ഫൊക്കാനയുടെ അധ്യക്ഷ പദവി 3 പ്രാവശ്യം അലങ്കരിച്ചിട്ടുണ്ട്. 2001 ൽ ഫൊക്കാനയുടെ കേരള പ്രവേശനം സംഘടിപ്പിക്കുകയും ചെയ്തു.
ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്നു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ്എൻ ഫുഡീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(കേരള) എസ് എൻ ന്യൂട്രീഷൻ കോർപ്പറേഷൻ(അമേരിക്ക) എന്നിവയുടെ ഡയറക്ടറുമായിരുന്നു.ചേർത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കൾ: ഡോ. അനൂപ്, അരുൺ.
കൊല്ലം എസ്എൻ കോളേജിൽനിന്ന് ബിരുദംനേടി. ചെമ്പഴന്തി എസ്എൻ കോളേജ്, പുനലൂർ എസ്എൻ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായും അമേരിക്കയിലെ ടെക്സസ് സർവകലാശാലയിൽ ആണവരസതന്ത്രം (ന്യൂക്ലിയർ കെമിസ്ട്രി) അധ്യാപകനായും പ്രവർത്തിച്ചു. രസതന്ത്രത്തിൽ ഗവേഷണത്തിനായാണ് 1973-ൽ അനിരുദ്ധൻ അമേരിക്കയിലെത്തിയത്. പിന്നീട് ന്യൂട്രീഷ്യനിൽ ഡോക്ടറേറ്റ് നേടി. ലോകത്തിലെത്തന്നെ വലിയ പോഷകാഹാര ഉത്പാദകരായ സാൻഡോസിന്റെ ഗവേഷണവിഭാഗം തലവനായി പത്തുവർഷം തുടർന്നു. കുട്ടികൾക്കായുള്ള പോഷകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഗവേഷണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായശൃംഖല വികസിപ്പിച്ചെടുക്കുന്നത്. സാൻഡോസിനുവേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്പോർട്‌സ് ന്യൂട്രീഷ്യൻ ഉത്പന്നം ഐസോ സ്റ്റാർ വികസിപ്പിച്ചെടുത്തത് അനിരുദ്ധൻ ഉൾപ്പെട്ട സംഘമായിരുന്നു.
അമേരിക്കൻ മലയാളികൾക്കിടയിൽ കേരളീയ സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും. പ്രത്യേകിച്ച് വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ഫോക്കാനയുടെ സ്ഥാപനത്തിലൂടെ അദ്ദേഹം നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ഡോ. അനിരുദ്ധന്റെ ദീർഘവീക്ഷണവും നേതൃപാടവവും മലയാളികൾക്ക് അമേരിക്കയിൽ ഒരു ശക്തമായ വേദി സൃഷ്ടിക്കാൻ സഹായിച്ചു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരമടക്കം അനിരുദ്ധന് ലഭിച്ചിട്ടുണ്ട്.
ഡോ. അനിരുദ്ധന്‍റെ ജീവിതം എന്നും അമേരിക്കൻ മലയാളികൾക്ക് പ്രചോദനാത്മകമായിരുന്നു. വിദ്യാഭ്യാസം, സമൂഹനന്മ, കല, സംസ്കാരം എന്നിവയോടുള്ള അഭിനിവേശത്തിലൂടെ അദ്ദേഹം അനേകർക്ക് മാതൃകയായി. ഡോ. അനിരുദ്ധൻ തന്റെ പ്രവർത്തനങ്ങളിലൂടെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും അവരുടെ പൈതൃകം നിലനിർത്തുന്നതിനും വേണ്ടി അശ്രാന്തമായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാളി സമൂഹത്തിന്, പ്രത്യേകിച്ച് ഫോക്കാനയുടെ പ്രവർത്തകർക്ക്, തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ എക്കാലവും മലയാളികളുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്ന് ഫോക്കാന പ്രസിഡന്‍റ് ഡോ. സജിമോൻ ആന്‍റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ തുടങ്ങിയവർ അനുശോചിച്ചു.